വടകര: സംസ്ഥാനത്ത് ബാങ്കിൽനിന്നെന്ന വ്യാജേന അക്കൗണ്ട് ഉടമകളെ വിളിച്ച് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന പ്രവണത തുടർക്കഥയാകുന്നു. വടകരയിൽ വീട്ടമ്മയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈലിലേക്ക് വിളിച്ച് അക്കൗണ്ടിൽനിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓർക്കാട്ടേരി തരിപ്പയിൽ ഖദീജയുടെ ഒരു ലക്ഷം രൂപയാണ് വടകര എസ്ബിഐയിൽനിന്നു നഷ്ടപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് ഖദീജയുടെ ഡൽഹിയിലുള്ള ഭർത്താവിന് ബാങ്കിൽനിന്നാണെന്നു പറഞ്ഞ് ഫോണ്‍ സന്ദേശം എത്തിയത്. കെവൈസി വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വിളി. ഇത് സംബന്ധിച്ച് ഭർത്താവിന് അറിയാത്തതിനാൽ വൈകുന്നേരം ഖദീജയെ വിളിക്കുകയായിരുന്നു.
ബാങ്കിൽനിന്ന് ഫോണിലൂടെ യാതൊന്നും ആവശ്യപ്പെടില്ലെന്ന സത്യം ഓർക്കാതെ ഖദീജ ഒടിപി നമ്പർ ഉൾപ്പെടെ പറഞ്ഞു കൊടുത്തു. ഏറെ വൈകാതെ പിന്നാലെ ഒരു ലക്ഷം രൂപ അക്കൗണ്ടിൽനിന്നു നഷ്ടമായി. പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈലിൽ എത്തിയപ്പോഴാണ് തട്ടിപ്പിനിരയായതാണെന്ന് മനസിലായത്. ഉടൻതന്നെ എടച്ചേരി പോലീസിൽ പരാതി നല്‍കുകയായിരുന്നു.
ഇലക്ട്രോണിക് ചിപ്പ് പതിപ്പിക്കാത്ത കാർഡുകൾ വൈകാതെ അസാധുവാകുമെന്നിരിക്കെ സാഹചര്യം മുതലാക്കി തട്ടിപ്പിന് സാധ്യതയുണ്ടെന്ന് ദീപിക മുന്‍പേ റിപ്പോർട്ട് ചെയ്തതാണ്. കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചാണ് തട്ടിപ്പു സംഘങ്ങൾ വിളിക്കുന്നത്. അക്കൗണ്ട് ഉടമകളുടെ വിശ്വാസം പിടിച്ചുപറ്റി വിവരങ്ങൾ ചോർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഒപ്പം ഫോണിലേക്കു വരുന്ന ഒടിപി നന്പരും ചോദിച്ചുവാങ്ങും. പിന്നീട് അക്കൗണ്ടിൽനിന്ന് തുക മറ്റൊരു അക്കൗണ്ടിലേക്ക് തട്ടിപ്പുകാർ ട്രാൻസ്ഫർ ചെയ്യും.
തട്ടിപ്പിന് ഇരയാകാതിരിക്കാൻ
=എം-പിന്, ഒടിപി, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, എസ്എംഎസ് എന്നിവ ഒരു കാരണവശാലും മറ്റാരുമായും പങ്കുവയ്ക്കരുത്.
ഇരയായാൽ
=തങ്ങള്‍ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍തന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യണം.
=തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും എം -പിന് നമ്പര്‍ മാറ്റുകയും വേണം.