വടക്കഞ്ചേരി: മലയോരവാസികളെ അന്പരപ്പിച്ച് പാന്പുകളുടെ തോഴനായ വാവ സുരേഷിന്റെ പാന്പ് പ്രദർശനം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാൽകുളന്പ് കൈത്തിരി ഫാർമേഴ്സ് ക്ളബിന്റെ വാർഷികത്തോടനുബന്ധിച്ച് കോടിയാട്ടിൽ കോംപ്ലക്സിലെ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉഗ്രവിഷ സർപ്പങ്ങളെ കയ്യിലെടുത്ത് തലോടിയും ഉമ്മ വെച്ചും കിന്നരിച്ചും തിങ്ങിനിറഞ്ഞ സദസിനെ സുരേഷ് വിസ്മയ സ്തബ്ദരാക്കിയത്.
പാന്പ് ഉൾപ്പെടെയുള്ള ജീവികൾ ഭൂമിയിലുണ്ടായില്ലെങ്കിൽ മനുഷ്യന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുമെന്ന് വാവ സുരേഷ് പറയുന്നു.
വർഷത്തിൽ പാന്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം എന്നിട്ടും പാന്പിനെ ഭീകരജീവിയായി കണക്കാക്കുന്നു. തലമുറകൾ കടന്നും പക മനസ്സിൽ വെച്ച് നടക്കുന്നത് മനുഷ്യർ മാത്രമാണ്. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ പേർ പാന്പ് കടിയേറ്റ് മരിച്ചിട്ടുള്ളത്. വനമില്ലാത്ത ഇവിടെ അണലി പാന്പാണ് വില്ലൻ. പാന്പ് കടിയേറ്റാൽ രോഗിയെ പേടിപ്പിക്കാതിരിക്കുക.
ഉടുതുണി തന്നെ വീതിയിൽ കീറി വരിഞ്ഞ് കെട്ടാതെ കെട്ടുക മാത്രം ചെയ്യുക. രോഗിയെ നടത്തിക്കരുത്. എത്രയും പെട്ടെന്ന് പാന്പ് വിഷത്തിന് ചികിത്സ ലഭിക്കുന്ന നല്ല ആശുപത്രിയിലെത്തിക്കണം. നാടൻ വൈദ്യൻമാരുടെ അടുത്ത് പോയി രോഗിയുടെ വിലപ്പെട്ട സമയം പാഴാക്കരുത്. പൊന്തകാടോ മറ്റൊ ഉള്ള സ്ഥലത്ത് കൂടി നടക്കുന്പോൾ നിലത്ത് ശബ്ദമുണ്ടാക്കി നടക്കണം. തറയിലെ ഈ ശബ്ദ തരംഗമാണ് പാന്പിനെ മറ്റൊരു ജീവിയുടെ ചലനം തിരിച്ചറിയാൻ സഹായിക്കുന്നത്.
കാഷ്ഠവും മൂത്രവും വഴിയിൽ കളഞ്ഞാണ് പലപ്പോഴും എലികൾ സഞ്ചരിക്കുക.ഇത് പിന്തുടർന്നാണ് എലി പോയ വഴിയിലൂടെ പാന്പ് സഞ്ചരിച്ച് വീടിനുള്ളിലും കെട്ടിടങ്ങളിലുമെല്ലാം പാന്പ് കയറുന്നത്. ഇതിനാൽ ഡീസൽ കലർത്തിയ വെള്ളം തളിച്ചാൽ പാന്പ് പിന്നെ അകന്ന് പോകും.ഏറ്റവും അപകടകരമായ പാന്പാണ് പ്രസവിക്കുന്ന ഏക പാന്പായ അണലി .
ഏത് ദിശയിലേക്കും അണലിയുടെ കടി വരും. ഉണങ്ങിയ ഇലയുടെ നിറമായതിനാൽ അണലിയെ കാണാനും എളുപ്പമല്ല.തന്നെ അനുകരിച്ച് ആരും പാന്പിനെ പിടിച്ച് പ്രദർശനം നടത്തരുത്. അത് അപകടമുണ്ടാക്കും. തനിക്ക് പാന്പ് കടിയേറ്റാലും ഇപ്പോൾ കുഴപ്പമില്ലെന്ന് സദസിനു മുന്നിൽ വെച്ച് പാന്പിനെ കൊണ്ട് കടിപ്പിച്ച് സുരേഷ് പറഞ്ഞു.
3890 തവണ തനിക്ക് പാന്പിന്റെ കടിയേറ്റിട്ടുണ്ട്.പല തവണ വെറ്റിലേറ്ററിലും ഐ സി യു വിലും കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ശ്രീ കാര്യത്ത് നാല് സെന്റ് സ്ഥലത്തെ ഓല ഷെഡായ വീടാണ് തന്േറത്.പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന സമീപനമാണ് തന്റെയും മാതാപിതാക്കളുടെയും സഹോദരങ്ങളും ഇഷ്ടപ്പെടുന്നത്. വാവ സുരേഷ് പറഞ്ഞു.
പരിപാടികൾ ആലത്തൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കൈത്തിരി പ്രസിഡന്റ് എ.കെ.വർഗീസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.കെ.പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.ക്ളബ്ബിലെ ഏറ്റവും പ്രായം കൂടിയ അംഗമായ ജോസ്, വാവ സുരേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബാബു വർഗീസിന്റെ ഫ്ളൂട്ട് വായനയോടെയായിരുന്നു പരിപാടി ആരംഭിച്ചത്. ട്രഷറർ പ്രിൻസ് എ.പോൾ തുടങ്ങിയവർ നേതൃത്വം നൽകി.