വണ്ണപ്പുറം: ടൂറിസം രംഗത്ത് അനന്തസാധ്യതകളുമായി വണ്ണപ്പുറം പഞ്ചായത്ത്. സമുദ്രനിരപ്പിൽ നിന്ന് 3000 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇരട്ട മലകളാണ് കാറ്റാടിക്കടവും വാൽപ്പാറയും. വണ്ണപ്പുറം – കള്ളിപ്പാറ റൂട്ടിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം. അഞ്ഞൂറ് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇരട്ട മലകൾ സഞ്ചാരികൾക്ക് നയനമനോഹരമായ ദൃശ്യാനുഭവമാണ് പകരുന്നത്.
ഇവിടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാകും. കാറ്റാടിക്കടവിൽ നിന്ന് ബൈനോക്കുലറിലൂടെ നോക്കിയാൽ എറണാകുളം, കൊച്ചിൻ റിഫൈനറി, ഭൂതത്താൻകെട്ട് ഡാം, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത്, മീനുളിയാൻ പാറ, പാൽക്കുളം മേട്, എന്നിവിടങ്ങളിലെ ചേതോഹരമായ കാഴ്ചകൾ കാണാനാകും. കോട്ടപ്പാറയിലെ മഞ്ഞിന്റെ വസന്തം വിസ്മയ കാഴ്ചയാണ് ഒരുക്കുന്നതെങ്കിലും വനംവകുപ്പ് ഇവിടെ നിരോധന ബോർഡ് സ്ഥാപിച്ചതോടെ സഞ്ചാരികൾക്ക് ഈ ദൃശ്യം അന്യമായിരിക്കുകയാണ്. വണ്ണപ്പുറം – മുള്ളരിങ്ങാട് റൂട്ടിലുള്ള മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ മീനുളിയാൻ പാറയിലെത്തിയാൽ ഐതിഹ്യപ്പെരുമ യാണ് മനസിലുണരുക.
പട്ടയക്കുടി, പഞ്ചാലിമേട്, ആനക്കുഴി, പുളിക്കത്തൊട്ടി എന്നിവിടങ്ങളിൽ നിന്ന് വരുന്ന നീർച്ചാലുകൾ വെള്ളക്കയത്തിന് സമീപം ചേരുന്ന ഇടത്തനാക്കുത്തും ഏറെ മനോഹരമാണ്. 500 അടി ഉയരത്തിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന ദൃശ്യം ആരെയും ആകർഷിക്കും. ഈ വെള്ളച്ചാട്ടത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി നേരത്തെയുണ്ടായിരുന്നു. സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് ആനയാടിക്കുത്ത്.
പച്ചപ്പ് നിറഞ്ഞ മലഞ്ചെരുവിലൂടെ കളകളാരവം മുഴക്കി ഒഴുകുന്ന ഈ കുത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ ധാരാളം പേർ എത്തുന്നുണ്ട്. പാൽക്കുളം, അടുക്കം, മക്കുവള്ളി, ഇഞ്ചപ്പാറ തുടങ്ങിയ മലയിടുക്കുകളിൽ നിന്ന് തെളിനീരായി ഒഴുകിയിറങ്ങി വെണ്മണി, പാലിപ്ലാവ്, തേക്കിൻ തോണി, കൂടത്തൊട്ടി തുടങ്ങിയ മലഞ്ചെരുവുകളിലെ നീർച്ചാലുകളുമായി ചേർന്നൊഴുകുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടവും സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഇതിൽ ഏഴുനിലക്കുത്ത് ആരെയും വിസ്മയിപ്പിക്കും. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സുരക്ഷാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.