എട്ടുകാലിപ്പാല് ! ഇങ്ങനെയൊരു പാലിനെക്കുറിച്ച് ഒട്ടുമിക്ക ആളുകളും ആദ്യമായായിരിക്കും കേള്‍ക്കുന്നത്. മുട്ടകളിട്ട് മുട്ടകളിട്ട് വിരിയുന്ന കുഞ്ഞുങ്ങളെ പാലൂട്ടുന്ന ഒരു എട്ടുകാലി വര്‍ഗത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ടോക്സ്യൂസ് മാഗ്നസ് എന്ന ഗണത്തില്‍പ്പെടുന്ന എട്ടുകാലിയാണ് കുഞ്ഞുങ്ങളെ പാലൂട്ടുന്നത്. പ്രസവിച്ച് മുലയൂട്ടുന്ന സസ്തനികള്‍ ഉല്പാദിപ്പിക്കുന്ന പാലുപോലെ തന്നെ തോന്നുമെങ്കിലും അതിനേക്കാള്‍ പോഷകഗുണമുണ്ട് എട്ടുകാലി പാലിന്.
കുഞ്ഞുങ്ങള്‍ക്കായി മറ്റു സസ്തനികളില്‍ നടക്കുന്ന പാലുല്പാദനത്തിന്റെ അതേ ഉദ്ദേശം തന്നെയാണ് ഈ എട്ടുകാലികളിലും. എന്നാല്‍ എങ്ങനെയാണ് ഈ എട്ടുകാലികളില്‍ പാലുല്പാദനം നടക്കുന്നതെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മുട്ടകളിട്ട് കുഞ്ഞുങ്ങളെ പാലൂട്ടുന്ന പ്ലാറ്റിപ്പസിനു സമാനമാണോ ഈ ചിലന്തികളിലെ പ്രവര്‍ത്തനമെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നുണ്ട്.
ഈ എട്ടുകാലിക്കുഞ്ഞുങ്ങള്‍ ഒരുവിധം വളരുന്നതു വരെ ആഹാരമൊന്നും കഴിക്കാറില്ലെന്ന് മുന്‍പ് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവയുടെ ശരീരം അത്ഭുതകരമാം വിധം വളരുന്നത് ശാസ്ത്രഞ്ജരെ കുഴയ്ക്കുന്ന ഒരു സംശയമായിരുന്നു. ഈ സംശയത്തിനു വിരാമമായിരിക്കുകയാണ് ടോക്സ്യൂസ് മാഗ്നസിന്റെ പാലുല്പാദനം. എട്ടുകാലിക്കുഞ്ഞുങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ശരീര വലുപ്പത്തിന്റെ പകുതി വലുപ്പം മുട്ടവിരിഞ്ഞ് ഇരുപത് ദിവസത്തിനുള്ളില്‍ കൈവരിക്കുന്നു. എങ്ങനെയാണ് ആഹാരമൊന്നും കൂടാതെ ഇവ ഇത്രപെട്ടെന്ന് വളരുന്നതെന്ന് നിരീക്ഷിക്കുകയായിരുന്നു ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഒരു കൂട്ടം ശാസ്ത്രഞ്ജര്‍.
ഒരു എട്ടുകാലിക്കുഞ്ഞ് അമ്മയുടെ വയറില്‍ തൂങ്ങിക്കിടക്കുന്നത് ഇവരുടെ കണ്ണില്‍പ്പെട്ടു. അമ്മ എട്ടുകാലികള്‍ കുഞ്ഞുങ്ങള്‍ക്കായി ശരീരത്തില്‍ നിന്ന് എന്തോ ഒരു സ്രവംപുറപ്പെടുവിക്കുന്നതായി ഇവര്‍ക്കു മനസിലായി. നിരീക്ഷണങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് ആ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലായി. അമ്മയുടെ ഉദരഭാഗത്തു നിന്ന് തുള്ളിതുള്ളിയായി ഊറിവരുന്ന ദ്രാവകം നുണയുകയാണ് കുഞ്ഞുങ്ങള്‍. നാല്‍പ്പത് ദിവസം പ്രായമാകുന്നതു വരെ കുഞ്ഞുങ്ങള്‍ ഈ പാല് കുടിക്കുന്നു. അമ്മയുടെ പാല് കിട്ടാതെ വരുന്ന എട്ടുകാലിക്കുഞ്ഞുങ്ങള്‍ ജീവന് നിലനിര്‍ത്താന്‍ പാടുപെടുകയും അവ ചത്തുപോകുന്നതായും അവര്‍ കണ്ടെത്തി.