ന്യൂഡൽഹി: ഗോവയുടെ തലസ്ഥാനമായ പനാജിയിൽ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ട്വീറ്റ് ചെയ്ത പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്കു നേരെ ഭീഷണി. ഭാര്യക്കും തനിക്കും നേരെ ഭീഷണി ഉയർന്നതോടെ അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. “പനാജിയിലെ മാന്ത്രിക പ്രഭാതത്തിൽ, ബിജെപി ഭരിക്കുന്ന ഗോവയിൽ ഞാൻ ബീഫ് കഴിക്കാൻ തീരുമാനിച്ചു’. ബീഫ് കഴിക്കുന്ന ചിത്രത്തോടെ രാമചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു.
എന്നാൽ ഇതിനെതിരെ ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥനടക്കം രംഗത്തുവന്നു. പരസ്യമായി ഹിന്ദു ബീഫ് കഴിക്കുകയെന്നാൽ അദ്ദേഹം ആ മതത്തെ കളങ്കപ്പെടുത്തുകയാണ്. രാമചന്ദ്ര ഗുഹ ഇതാണ് ചെയ്തത്. ഇത്തരം മോശം പ്രവൃത്തിയിലൂടെ അദ്ദേഹം എല്ലാ ഹിന്ദുക്കളെയും കളിയാക്കിയിരിക്കുകയാണ്. ഇതിന് തീർച്ചയായും മറുപടി പറയണമെന്ന് മുൻ റോ ഉദ്യോഗസ്ഥൻ ആർ.കെ യാദവ് ആവശ്യപ്പെട്ടു.
പിന്നാലെ രാമചന്ദ്ര ഗുഹയ്ക്കും ഭാര്യക്കും ഭീഷണി വിളികളും എത്തി. യാദവ് ഫോണ്‍വിളിച്ച് വധ ഭീഷണി മുഴക്കിയതായും രാമചന്ദ്ര ഗുഹ പറയുന്നു. മറ്റു പലരും ഗുഹയുടെ ട്വീറ്റിനെതിരെ രംഗത്തുവരികയും ചെയ്തു. ഇതോടെ അദ്ദേഹം ഈ ട്വീറ്റ് പിൻവലിച്ചു.
മോശം രുചിയായിരുന്നതിനാൽ ഗോവയിലെ ഉച്ചഭക്ഷണത്തിന്റെ ചിത്രം താൻ കളയുകയാണെന്ന് ഗുഹ ട്വീറ്റ് ചെയ്തു. എന്നിരുന്നാൽതന്നെയും ബീഫിന്റെ പേരിലുള്ള ബിജെപിയുടെ ഇരട്ടത്താപ്പ് താൻ ഉയർത്തിക്കൊണ്ടുവരികതന്നെ ചെയ്യും. മനുഷ്യന് ഇഷ്ടമുള്ളത് കഴിക്കാനും ധരിക്കാനും ഇഷ്ടപ്രകാരം പ്രണയിക്കാനുമുള്ള അവകാശം ഉണ്ടെന്നുതന്നെയാണ് ഇപ്പോഴും തന്റെ വിശ്വാസമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.