കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യംചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ഡിസംബർ 19ലേക്കാണ് ഹർജി മാറ്റിയത്. മഞ്ചേശ്വരം എംഎൽഎയായിരുന്ന പി.ബി. അബ്ദുൾ റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്റെ ഹർജി.
റസാഖിന്റെ മകൻ ഷെഫീഖ് റസാഖിനെ കേസിൽ കക്ഷി ചേരാനും കോടതി അനുവദിച്ചു. അബ്ദുൾ റസാഖ് മരിച്ചതോടെ കേസിൽ മറ്റാർക്കെങ്കിലും കക്ഷി ചേരാൻ താല്പര്യമുണ്ടോയെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. ഇതേതുടർന്നാണ് ഷെരീഖ് കോടതിയെ സമീപിച്ചത്.
മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്നാരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. അബ്ദുൾ റസാഖിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം.
തെരഞ്ഞെടുപ്പിൽ മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം.