ശബരിമല: തീർഥാടനപാതകളിൽ കാട്ടാനകൾ ഇറങ്ങുന്നത് ഏറിയതോടെ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്. പന്പയിലേക്കുള്ള പ്രധാന പാതയായ മണ്ണാരക്കുളഞ്ഞി – ചാലക്കയം റോഡിൽ ളാഹ മുതൽ കഴിഞ്ഞദിവസങ്ങളിൽ കാട്ടാന ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിലും കാട്ടാനക്കൂട്ടം ഇറങ്ങി. എരുമേലി വഴിയുള്ള കാനനപാതയിൽ കാട്ടാനക്കൂട്ടം രാത്രിയിൽ വ്യാപകമാണെന്നതിനാൽ ഇതുവഴിയുള്ള രാത്രി യാത്ര നിരോധിച്ചു.
തീർഥാടകർ സന്ധ്യമയങ്ങിയാൽ പാതയിലെ കടകളിൽ വിശ്രമിച്ചു രാവിലെ മാത്രമേ യാത്ര തുടരാവൂവെന്ന നിർദേശവുമായി വനംവകുപ്പ് രംഗത്തെത്തി. പുല്ലുമേട് പാതയിലും കാട്ടാനയ്ക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
പ്രധാന പാതയിൽ ളാഹ, പ്ലാപ്പള്ളി, ഇലവുങ്കൽ, നിലയ്ക്കൽ പ്രദേശങ്ങളിൽ റോഡരികിലേക്ക് കാട്ടാന എത്തുന്നുണ്ട്.
ഇലവുങ്കലിൽ കഴിഞ്ഞദിവസങ്ങളിൽ എത്തിയ ഒറ്റയാൻ ആക്രമണകാരിയാണെന്ന സംശയവും വനംവകുപ്പിനുണ്ട്. ഈ മേഖലയിൽ ഡ്യൂട്ടിയിലുള്ള പോലീസ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോടു ജാഗ്രത പാലിക്കാൻ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് മേഖലയിൽ കഴിഞ്ഞദിവസങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി. മാലിന്യങ്ങൾ തള്ളുന്ന ഭാഗത്താണ് ഇവയെത്തിയത്.
പാർക്കിംഗ് ഗ്രൗണ്ട് പ്രദേശങ്ങളിൽ കിടന്നുറങ്ങുന്ന അയ്യപ്പഭക്തൻമാരടക്കം ഇതോടെ ഭീതിയിലായി.കരിമല പാതയിലൂടെ യാത്ര ചെയ്യുന്നവർ വൈകുന്നേരം അഞ്ചിനു മുന്പ് പന്പയിൽ എത്താൻ കഴിയുന്നതരത്തിൽ യാത്ര ക്രമീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമേ അഴുതയിൽ നിന്നു കരിമലയിലേക്കു കടത്തിവിടുകയുള്ളൂ.
വനംവകുപ്പ് പ്രത്യേക പരിശീലനം നൽകിയ എലിഫന്റ് സ്ക്വാഡിനെ ശബരിമല പാതകളിൽ നിയോഗിച്ചിട്ടുണ്ട്. പുല്ലുമേട്, സന്നിധാനം, പന്പ, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിൽ നിലവിൽ സ്ക്വാഡിന്റെ സേവനം ലഭിക്കും. ആനയുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ കണ്ട്രോൾ റൂമിൽ വിവരം നൽകി സ്ക്വാഡിന്റെ സേവനം ഉപയോഗപ്പെടുത്താനാണ് നിർദേശം. കാനനപാതയിൽ പന്പയിലും സന്നിധാനത്തും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ഫോണ്: 04735 5203492, 5202077.