അയിരൂർ: യുവജനങ്ങൾക്കിടയിലും കുട്ടികൾക്കിടയിലും വ്യാപകമാകുന്ന ലഹരി ഉപയോഗത്തിനെതിരെ കാക്കാരിശി നാടകത്തോടൊപ്പം അയിരൂർ രാമേശ്വരം സ്കൂളും കൈകോർത്തു.സ്കൂളിലെ അധ്യാപകനും കാക്കാരിശി നാടക രചയിതാവുമായ എം.എസ്. മധു രചിച്ച് വള്ളിക്കോട് തെരുവരങ്ങ് അവതരിപ്പിച്ച ’കൗമാരം’ എന്ന നാടകമാണ് ലഹരി ഉപയോഗത്തിനും മൊബൈൽഫോണ്‍ ദുരുപയോഗത്തിനുമെതിരെ മുന്നറിയിപ്പുമായി കുട്ടികളിൽ നവസന്ദേശം പകർന്നത്.
നാടകാവതരണം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ. ചന്ദ്രപാലൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് ചാക്കപ്പാലം അധ്യക്ഷത വഹിച്ചു. ചൈൽഡ് ലൈൻ ജില്ലാ കോ ഓർഡിനേറ്റർ ഡേവിഡ് റെജി മാത്യു മുഖ്യപ്രഭാഷണം നടത്തി.
അയിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്, സ്കൂൾ പ്രിൻസിപ്പൽ ഡോ.ജയചന്ദ്രൻ, പ്രഥമാധ്യാപിക ആർ.ഗീത, സ്റ്റാഫ് സെക്രട്ടറി കെ. ഹരികുമാർ, എം.എസ്. മധു എന്നിവർ പ്രസംഗിച്ചു.കാക്കാനായി ചുവടുകൾവച്ചെത്തിയത് എം.ആർ.സി. നായരാണ്.
നൃത്തത്തിന്റെയും തിരുവാതിരയുടെയും കുമ്മിയുടെയും താളങ്ങളും ചുവടുകളും ആയി കാക്കാരിശിയിലെ സ്ത്രീ കഥാപാത്രങ്ങളായി ശോഭ പുല്ലാട്, രേഷ്മ മാന്നാൻ എന്നിവരും സമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള ചാട്ടുളിപോലെയുള്ള വിമർശനങ്ങളുമായി എം.എസ്. മധുവും നിറഞ്ഞാടിയപ്പോൾ രാമേശ്വരത്തിന്റെ അകത്തളങ്ങൾ കലയുടെ തുടികൊട്ടുകൾക്കായി കാതോർത്തു.