കോട്ടയം: ബസ്സ്റ്റാൻഡുകളിലെ ട്രാഫിക് ക്രമീകരണങ്ങളിൽ പോലീസ് ഗുരുതരമായ വീഴ്ച വരുത്തുന്നതായി പരാതി.
സ്റ്റാൻഡുകളിൽ അമിതവേഗവും തോന്നുംപടി പാർക്കിംഗും സ്ഥിരമായതോടെ അപകടസാധ്യതയേറി. ഹോം ഗാർഡുകളെ ബസ്സ്റ്റാൻഡ്, ട്രാഫിക് ഡ്യൂട്ടികളിൽ ചുമതലപ്പെടുത്തിയശേഷം പോലീസ് സ്റ്റാൻഡുകളിലേക്കു തിരിഞ്ഞുനോക്കാതായി.
കോട്ടയം തിരുനക്കരയിലും നാഗന്പടത്തും എയ്ഡ് പോസ്റ്റുകളിൽ ഏറെ സമയവും പോലീസ് സാന്നിധ്യമില്ല. രണ്ടു മിനിറ്റ് സമയം അനുവദിച്ചിരിക്കുന്ന ശാസ്ത്രി റോഡിൽ പത്തു മിനിറ്റുവരെ പാർക്ക് ചെയ്യുന്ന ബസുകളുണ്ട്. 300 ബസുകൾ വിവിധ ട്രിപ്പുകളിലായി രണ്ടായിരം തവണ കയറിയിറങ്ങുന്ന നാഗന്പടം എയ്ഡ് പോസ്റ്റ് ഏറെ സമയവും അടഞ്ഞുകിടക്കുകയാണ്.
നാഗന്പടം ട്രാഫിക് ഐലൻഡിനു മുന്നിൽ ബസുകൾ തോന്നും പടി നിർത്തുക, സ്റ്റാൻഡിൽ അമിതവേഗമെടുക്കുക തുടങ്ങിയ നടപടികളിൽ പോലീസ് ശ്രദ്ധിക്കാറില്ല. സമയത്തെച്ചൊല്ലി ജീവനക്കാർ തമ്മിൽ ഒച്ചപ്പാടും പതിവാണ്.പാന്പാടി, പൊൻകുന്നം, അയർക്കുന്നം, പുതുപ്പള്ളി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം മെഡിക്കൽ കോളജ് തുടങ്ങിയ സ്റ്റാൻഡുകളിൽ പോലീസ് സാന്നിധ്യം ഇല്ലാതായിട്ട് ഏറെ നാളായി.
തലങ്ങും വിലങ്ങും പായുന്ന ബസുകൾക്കിടയിലൂടെ യാത്രക്കാർ ജീവനുംകൊണ്ട് ഓടുന്ന കാഴ്ചയാണുള്ളത്. കോട്ടയം മെഡിക്കൽ കോളജ് സ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ കൈയ്യേറ്റം പതിവാണ്.