ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗത പരിഷ്ക്കരണവും സുരക്ഷിത യാത്രയും ലക്ഷ്യമിട്ട് ട്രാഫിക് വികസനസമിതി തീരുമാനിച്ച ആറു തീരുമാനങ്ങളിൽ ഇതുവരെ നടപ്പിലായത് ഒന്നുമാത്രം. നഗരസഭ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ഈ വർഷം ആദ്യം ചേർന്ന യോഗത്തിലെ തീരുമാനങ്ങളാണ് 11 മാസം പിന്നിടുന്പോഴും കടലാസിൽ ഉറങ്ങുന്നത്.
കൊടകര ചാലക്കുടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഠാണ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് റോഡിലൂടെ കടന്ന് മാസ് തീയറ്റർ വഴി ക്രൈസ്റ്റ് കോളജിന്റെ മുന്നിലൂടെ ബസ് സ്റ്റാന്റിലെത്തുക, ചന്തക്കുന്ന് ജംഗ്ഷനിൽ ബ്ലിങ്കിങ്ങ് ലൈറ്റ് സംവിധാനം, ചന്തക്കുന്നിലെ പഴയ കെട്ടിടങ്ങൾ പൊളിക്കൽ, ടൗണ്‍ഹാൾ റോഡിലെ വാഹനപാർക്കിംഗ് നിരോധിക്കൽ, ടൗണ്‍ ഹാളിൽ ഫീസ് ഈടാക്കികൊണ്ടുള്ള പാർക്കിംഗ് സംവിധാനം, ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ചുള്ള ഗതാഗത പരിഷ്ക്കാരം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കൽ, പുതിയ ഓട്ടോ പേട്ടകളും പെർമിറ്റുകളും നൽകുന്നത് വേണ്ടെന്ന് വയ്ക്കൽ ഇവയായിരുന്നു ജനുവരി 22 ന് കൗണ്‍സിൽ ഹാളിൽ ചേർന്ന ട്രാഫിക് വികസന സമിതി യോഗത്തിലെ തീരുമാനങ്ങൾ.
ഇതിൽ ആദ്യനിർദ്ദേശം ഏതാനും ദിവസങ്ങൾ നടപ്പിലായെങ്കിലും പിന്നീട് സ്വകാര്യ ബസുകൾ ബൈപ്പാസ് റോഡിലൂടെ കടന്ന് മാസ് തീയറ്റർ വഴി തിരിയാതെ കാട്ടൂർ റോഡിലേക്ക് നേരിട്ട് പ്രവേശിക്കുന്നതാണ് നഗരം കണ്ടത്. ചില ബസുകളാകട്ടെ ബൈപ്പാസ് റോഡുവഴി തിരിയാതെ ക്രൈസ്റ്റ് കോളേജ് ജംഗഷൻ വഴിയുള്ള പഴയരീതിയും തുടർന്നു.
ചന്തക്കുന്ന് ജംഗ്ഷനിലെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച തീരുമാനം നടപ്പിലാക്കുന്നത് കേസുകൾ മൂലം വൈകുകയാണെന്ന് നഗരസഭ അധികൃതർ വിശദീകരിക്കുന്പോൾ ബ്ലിങ്കിങ്ങ് ലൈറ്റുകൾക്കുവേണ്ടി സ്പോണ്‍സർമാരുമായി സംസാരിച്ച് വരികയാണെന്നാണ് വിശദീകരണം.
നഗരത്തിൽ പുതിയ ഓട്ടോ പേട്ടകൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം മാത്രമാണ് ചുരുക്കത്തിൽ നടപ്പിലായിട്ടുള്ളത്. ബൈപ്പാസ് റോഡിലെ അപകടപരന്പരകളും അധ്യാപികയുടെ മരണവും ഉയർത്തിയ ചർച്ചകളുടേയും എതിർപ്പുകളുടേയും പശ്ചാത്തലത്തിലാണ് ഇന്ന് ട്രാഫിക് ക്രമീകരണ സമിതി യോഗം ചേരുന്നുണ്ട്.