പരവൂർ: ദിനംപ്രതി ആയിരക്കണക്കിന് ആൾക്കാർ യാത്രചെയ്യാനെത്തുന്ന പരവൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും അവഗണനയിൽ. ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ പരവൂരിനെ ആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രധാനപ്പെട്ട പല സൗകര്യങ്ങളും ഇപ്പോഴും ഏർപ്പെടുത്തിയിട്ടില്ല.യാത്രാടിക്കറ്റ്, റിസർവേഷൻ ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവ വിതരണം ചെയ്യാൻ ആകെ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതുകാരണം രാവിലെയും വൈകുന്നേരവും ടിക്കറ്റെടുക്കാൻ യാത്രക്കാരുടെ നീണ്ടനിരതന്നെ ഉണ്ടാകും.
നേരത്തെ ഇവിടെ യാത്രാടിക്കറ്റ് എടുക്കുന്നതിനും റിസർവേഷനും വെവ്വേറെ കൗണ്ടർ പ്രവർത്തിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായാണ് ഒരു കൗണ്ടർ അധികൃതർ അടച്ചുപൂട്ടിയത്. ഇത് പുനസ്ഥാപിക്കണമെന്ന ആവശ്യം റെയിൽവെ ചെവിക്കൊണ്ടിട്ടില്ല.സ്ത്രീകൾക്ക് മാത്രമാണ് സ്റ്റേഷനിൽ വിശ്രമ മുറിയുള്ളത്. സെക്കന്റ് ക്ലാസ് യാത്രക്കാർക്കായി വെയിറ്റിംഗ് റൂം ഇല്ല. നേരത്തേ ഉയർന്ന ക്ലാസ് യാത്രക്കാർക്ക് ഇവിടെ വിശ്രമ മുറിയുണ്ടായയിരുന്നു. ഇത് ഇപ്പോൾ ഉപയോഗിക്കുന്നത് റെയിൽവേ ജീവനക്കാരും പോലീസുകാരുമാണ്.
ദിവസവും പോയിവരുന്ന യാത്രക്കാരുടെ എണ്ണതതിന് ആനുപാതികമായി ഇരിപ്പിടങ്ങളും പ്രധാന പ്ലാറ്റ്ഫോമുകളിലില്ല.ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ മൂന്നിലൊന്നു ഭാഗത്തുപോലും മേൽക്കൂരയില്ല. എക്സ്പ്രസ് ട്രെയിനുകളെല്ലാം നിർത്തുന്നത് രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലാണ്. ഇവിടെയും പൂർണമായും മേൽക്കൂര സ്ഥാപിച്ചിട്ടില്ല. മഴയും വെയിലും സഹിച്ചുവേണം യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കേണ്ടത്.
മഴ പെയ്താൽ എല്ലാ പ്ലാറ്റ്ഫോമുകളുടെയും മേൽക്കൂരകൾ ചോർന്നൊലിക്കും. ഇത് പ്ലാറ്റ്ഫോമിൽ വെള്ളക്കെട്ടിന് കാരണമാകും. ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ വാട്ടർ കൂളർ സ്ഥാപിച്ചിരിക്കുന്നത് അശാസ്ത്രീയമായാണ്. ടാപ്പിൽ നിന്ന് നായ്ക്കൾ വെള്ളം കുടിക്കുന്നത് പതിവ് കാഴ്ചയാണ്. വാട്ടർ കൂളർ അൽപ്പം കൂടി ഉയർത്തി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുപോലും ആവശ്യമായ സ്ഥലം ഒരുക്കാൻ പോലും അധികൃതർക്ക് താത്പര്യമില്ല. പാർക്കിംഗ് ഏരിയ നിറയുന്നത് കാരണം യാത്രക്കാർ ഇപ്പോൾ അവരുടെ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ വച്ചശേഷമാണ് ട്രെയിനിൽ പോകുന്നത്.ക്ഷേത്രപ്രവേശന വിളംബര സ്മാരക ഗ്രന്ഥശാല കെട്ടിടത്തിന് എതിർവശം റെയിൽവേയുടെ സ്ഥലം കാടുപിടിച്ച് കിടക്കുന്നു. അക്ഷരാർധത്തിൽ വനതുല്യമാണ് ഇപ്പോൾ ഇവിടം.
കാട് വെട്ടിത്തെളിച്ച് ഇവിടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.ഒന്നാം നന്പർ പ്ലാറ്റ്ഫോമിന് ഇടതുവശത്തുള്ള ഭാഗം പൂർണമായും കാടുപിടിച്ച് കിടക്കുകയാണ്. സന്ധ്യകഴിഞ്ഞാൽ സ്ത്രീകൾ ഭയപ്പാടോടെയാണ് ട്രെയിൻ കയറാൻ എത്തുന്നത്. സ്റ്റേഷനിൽ റെയിൽവേ പോലീസ് പിക്കറ്റ് ഏർപ്പെടുത്തണമെന്ന ആവശ്യവും അധികൃതർ നിരാകരിച്ച മട്ടാണ്. ഇരുട്ടിന്റെ മറവിൽ സ്റ്റേഷൻ പരിസരത്ത് സാമൂഹിക വിരുദ്ധശല്യവും വർധിച്ചുവരുന്നു.
കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് വേണമെന്ന് വർഷങ്ങളായി യാത്രക്കാർ മുറവിളി കൂട്ടിയിട്ടും അതും ഫലം കണ്ടില്ല, ശബരി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, അനന്തപുരി എക്സ്പ്രസ്, അമൃത എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവയ്ക്ക് ഇവിടെ സ്റ്റോപ്പ് വേണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
മീറ്റർ ഗേജ് പാതയായിരുന്നപ്പോൾ ചെന്നൈ മെയിലിന് പരവൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. പാത ബ്രോഡ്ഗേജ് ആക്കിയപ്പോൾ സ്റ്റോപ്പ് എടുത്തുകളഞ്ഞു. എറണാകുളം ഭാഗത്തേയ്ക്ക് രാവിലെ 7.15ന്റെ പരശുറാം എക്സ്പ്രസ് പൊയ്ക്കഴിഞ്ഞാൽ പിന്നീടുള്ളത് 9.45ന്റെ മുംബൈ ജനത എക്സ്പ്രസ് മാത്രമാണ്. ഇതിനിടയിലുള്ള ശബരി എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ നൂറുകണക്കിന് യാത്രക്കാർക്ക് ഇത് അനുഗ്രഹമാകും.
വൈകുന്നേരം 6.17ന്റെ പുനലൂർ-മധുര പാസഞ്ചർ കഴിഞ്ഞാൽ പിന്നീട് തിരുവനന്തപുരം ഭാഗത്തേയ്ക്ക് പരവൂരിൽ നിന്നുള്ള ട്രെയിൻ രാത്രി 9.10നുള്ള വേണാട് എക്സ്പ്രസാണ്.ഈ ട്രെയിൻ മിക്കപ്പോഴും അര മണിക്കൂറിലധികം വൈകിയാണ് പരവൂരിൽ എത്തുന്നത്. ഈ രണ്ട് ട്രെയിനുകൾക്കും മധ്യേയുള്ള ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചാൽ രാത്രി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് ഒരു പരിധിവരെ സഹായകമാകും.
അതുപോലെ രാവിലെ 11.30ന് കന്യാകുമാരിക്കുള്ള ഐലന്റ് എക്സ്പ്രസ് കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പിന്നീടുള്ളത് ഉച്ചകഴിഞ്ഞ് 3.50ന്റെ പാസഞ്ചറാണ്. പാസഞ്ചറിന് തൊട്ടുമുന്പുള്ള അനന്തപുരി എക്സ്പ്രസിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചാൽ ഈ ബുദ്ധിമുട്ടും ഒഴിവാക്കാം.ചെന്നൈ എഗ്മോർ-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് അടുത്തിടെയാണ് കൊല്ലംവരെ നീട്ടിയത്. നീട്ടിയപ്പോൾ തിരുവനന്തപുരത്തിനും കൊല്ലത്തിനും മധ്യേ വർക്കല മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
പരവൂരിൽ ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും ശക്തമായ ആവശ്യം ഉന്നയിച്ചെങ്കിലും നടന്നില്ല. എല്ലാ പാസഞ്ചർ ട്രെയിനുകൾക്കും പരവൂരിൽ സ്റ്റോപ്പുണ്ടെന്നാണ് റെയിൽവേ അധികൃതർ അവകാശപ്പെടുന്നതെങ്കിലും പുനലൂർ-കന്യാകുമാരി പാസഞ്ചറിന് ഇവിടെ സ്റ്റോപ്പില്ല എന്നതാണ് യാഥാർഥ്യം.
രാവിലെ 7.05നുള്ള പാസഞ്ചർ കഴിഞ്ഞാൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് പിന്നീട് പരവൂരിൽ നിന്നുള്ളവർക്കുള്ളവർക്ക് ആശ്രയിക്കാവുന്ന പാസഞ്ചർ 11.10നുള്ള കൊല്ലം-കന്യകുമാരി മെമുവാണ്.മെമു മിക്കദിവസവും വളരെ വൈകിയാണ് തിരുവനന്തപുരത്ത് എത്തുന്നതെന്ന് യാത്രക്കാർ പറയുന്നു. വെള്ളിയാഴ്ചകളിൽ മെമു ട്രെയിൻ സർവീസ് നടത്താറുമില്ല.