കൊല്ലം: പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് ഹൈടെക് ക്ളാസ് മുറികൾ നിർമിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ .
സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് എത്തിയ്ക്കുകയാണ് ലക്ഷ്യം.
എയ്ഡഡ് വിദ്യാലയമായതിനാൽ കെട്ടിട നിർമ്മാണത്തിന് മാനേജ്മെന്റും സുമനസുകളും ചേർന്ന് ബാക്കിതുക മുടക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗം അനീഷ് പാങ്ങോടിനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഓമനാ ശ്രീറാം മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.
സ്കൂളിലെ അദ്ധ്യാപകൻ ഹരികുമാറിന്റെ വകയായി സ്വർണ്ണ നാണയവും സ്റ്റാഫുകളുടെ വകയായി 10,001 രൂപയും മാനേജരുടെ വകയായി എല്ലാ വർഷവും ഏർപ്പെടുത്തിയിട്ടുള്ള 5000 രൂപയുമാണ് നൽകിയത്. സ്മാർട്ട് ക്ളാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.എസ്.ഉഷാദേവി അന്തർജ്ജനവും ഹൈടെക് ലാബ് ഉദ്ഘാടനം കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ഉല്ലാസ് കുമാറും നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് വർഗ്ഗീസ്, പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, പി.ടി.എ പ്രസിഡന്റ് എസ്.ജി.സിന്ധു, ടി.ആർ.മഹേഷ് എന്നിവർ പ്രസംഗിച്ചു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ നിന്നും എസ്.രഹ്ന, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും എം.അജയ്, എ.എസ്.അമൃത എന്നീ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.