ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. രാവിലെ എട്ടരയോടെ പുറത്തു വരുന്ന ഫലങ്ങള്‍ പ്രകാരം മനസിലാക്കാന്‍ സാധിക്കുന്നത്, തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറാം, തെലുങ്കാന, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം ഇടങ്ങളിലും ഭരിച്ചിരുന്ന, കേന്ദ്രം പോലും ഭരിച്ചിുകൊണ്ടിരിക്കുന്ന ബിജെപിയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു എന്നാണ്. അതേസമയം അഞ്ച് സംസ്ഥാനങ്ങളില്‍ അഞ്ചെണ്ണത്തിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റം നടത്തുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ സൂചന പോലെ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നേറുന്നതും. മധ്യപ്രദേശില്‍ ആദ്യമായി കോണ്‍ഗ്രസ് മുന്നേറ്റം നടത്തുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ടിആര്‍എസ് മേധാവിത്വം പുലര്‍ത്തിയിരുന്ന തെലുങ്കാനയില്‍ പോലും അത്ഭുതകരമായ കുതിപ്പാണ് നടത്തുന്നതെന്നത് കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് എത്രമാത്രം ശക്തമാണെന്നതിന്റെ സൂചനയാണ് രാജ്യത്തിന് നല്‍കുന്നത്.
എടുത്ത് കാട്ടാന്‍ ഒരു നേതാവ് പോലുമില്ലാതെ മത്സരത്തിനിറങ്ങിയ ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 15 വര്‍ഷത്തെ ബിജെപി ഭരണത്തിനാണ് ഇതോടെ ചത്തീസ്ഗഢില്‍ അന്ത്യമായിരിക്കുന്നത്.