ചേർത്തല: ഇരുചക്ര വാഹനങ്ങളിലുള്ള വിദ്യാർഥികളുടെ പരക്കം പാച്ചിൽ കാരണം കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാകുന്നു. പ്രധാനമായും ചേർത്തല നഗരത്തിലും, കോളജ് പരിസരങ്ങളിലുമാണ് വിദ്യാർഥികൾ ഇരുചക്രവാഹനത്തിൽ ചീറി പായുന്നത്. ശരാശരി മൂന്നുപേരെങ്കലും ഒരു ബൈക്കിൽ കാണുമെന്നതാണ് അവസ്ഥ.
ഹെൽമെറ്റ് പോലും ധരിക്കാതെയാണ് പലരുടെയും പാച്ചിൽ. വിദ്യാലയ പരിസരങ്ങളിൽ ബൈക്കുകളുടെ അമിതവേഗതയും അഭ്യാസ പ്രകടനങ്ങളും കാരണം നടന്നുപോകുന്ന വിദ്യാർഥികളും മറ്റ് യാത്രക്കാരും അരക്ഷിതരാണ്. അമിതവേഗത്തിന്റെ പേരിൽ ബൈക്ക് യാത്രികരും നാട്ടുകാരും തമ്മിലും മറ്റ് ഡ്രൈവർമാരുമൊക്കെയായി നിരന്തരം തർക്കങ്ങളും ഉണ്ടാകാറുണ്ട്.
പൊതുജനങ്ങൾ ഉപദേശിക്കാൻ ശ്രമിച്ചാൽ അവർക്കുനേരെ കൈയേറ്റത്തിന് ശ്രമിക്കുന്ന ക്രിമിനൽ സ്വഭാവമുള്ള വിദ്യാർഥികളും കൂട്ടത്തിലുണ്ട്. പ്രായപൂർത്തിയാകാത്തവരും ലൈസൻസ് ഇല്ലാത്തവരുമാണ് ഇരുചക്രവാഹനം ഓടിക്കുന്നവരിലേറെയും. രാപകൽ ഭേദമില്ലാതെയാണ് ഇവരിൽ പലരും ബൈക്കുമായി വിലസുന്നത്.
സ്കൂൾ സമയത്ത് വിദ്യാർഥികൾ ബൈക്കുമായി കറങ്ങുന്നതായും അപകടകരമായ രീതിയിൽ പോകുന്നതായും പോലീസിന് പരാതി ലഭിക്കുന്നുണ്ട്. അശ്രദ്ധയോടെ ബൈക്ക് ഓടിക്കുന്നത് വാഹനാപകടത്തിന് വഴിയൊരുക്കുകയാണ്. അമിത വേഗതയിൽ ഓടുന്ന ബൈക്കുകൾ പൊടുന്നനെ വെട്ടിക്കുന്നത് അപകടത്തിനു കാരണമാകുന്നു.
മിക്ക കുട്ടിഡ്രൈവർമാരും ബൈക്കിന് സൈഡ് മിറർ വെക്കാതെയാണ് ഓടിക്കുന്നതും. പിറകെനിന്നും വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതും അപകടത്തിന് വഴിവെക്കുന്നു. മോട്ടോർ വാഹനവകുപ്പും പോലീസും നിരത്തുകളിൽ പരിശോധന കർശനമാക്കി നിയമം ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.