കൊച്ചി: പച്ചാളത്ത് വീടിന്റെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിപ്പിച്ച സംഭവത്തിൽ പ്രതിയെ എറണാകുളം നോർത്ത് പോലീസ് പിടികൂടിയതായി സൂചന. വൈകിട്ടത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനുശേഷമാണു പ്രതിയെ പോലീസ് പിടികൂടിയത്. വ്യക്തിവൈരാഗ്യത്തെത്തുടർന്നാണു പ്രതി വാഹനങ്ങൾ കത്തിച്ചതെന്നാണു ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ അഞ്ചിന് പുലർച്ചെയായിരുന്നു പി.ജെ. ആന്റണി ഗ്രൗണ്ടിനു സമീപം സായ് ഭവനിൽ താമസിക്കുന്ന സായ് പ്രസാദ് എന്നയാളുടെ വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന മാരുതി സ്വിഫ്റ്റ് ഡിസൈർ കാർ, ബൈക്ക്, സ്കൂട്ടർ എന്നിവ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി നടത്തിയ ആദ്യ പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിനു കാരണമെന്നാണു കരുതിയിരുന്നത്. പിന്നീട് സ്ഥലത്തെ സിസിടവി കാമറകൾ പരിശോധിച്ചതിൽനിന്നുമാണു വാഹനങ്ങൾ കത്തിച്ചതാണെന്നു തിരിച്ചറിഞ്ഞത്. ബുള്ളറ്റിലെത്തിയ പ്രതി മുഖംമൂടി ധരിച്ചാണു കാർ പോർച്ചിൽ പ്രവേശിച്ചിരുന്നത്. ഇതിനാൽ സിസിടിവിയിൽനിന്നും മുഖം വ്യക്തമായിരുന്നില്ല.
ബുള്ളറ്റിന്റെ നന്പർ തിരിച്ചറിയുന്നതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തുവാൻ പോലീസ് തീരുമാനിച്ചിരുന്നു. കൂടാതെ സംശയമുള്ള ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ നടത്തിയ ഉൗർജിത അന്വേഷണത്തിനിടെയാണു പ്രതി പിടിയിലായതെന്നാണു ലഭിക്കുന്ന വിവരങ്ങൾ.