തൃശൂർ: ലൈബ്രേറിയനായി തുടങ്ങി തൃശൂരിന്റെ പൊതുമണ്ഡലത്തിൽ സംഘാടക മികവുകൊണ്ടു വളർന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു സിഎൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സി.എൻ. ബാലകൃഷ്ണൻ. പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബർ 18-ന് ജനനം. പത്താം ക്ലാസ് പാസായതിനു ശേഷം പുഴയ്ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി ചുമതലയേറ്റു. പൊതുരംഗത്തെ സിഎന്റെ വളർച്ച സംസ്ഥാന മന്ത്രിപദം വരെയെത്തി.
2011ലെ തെരഞ്ഞെടുപ്പിലാണു സി.എൻ. ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിലെ എൻ.ആർ. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായി.
അടുത്ത തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും ഇതേ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. കെ. കരുണാകരന്റെ ഉറ്റ അനുയായിയായാണ് സി.എൻ. അറിയപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി പിളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ നേതാവെന്നതിലുപരി മികച്ച സംഘാടകനായിരുന്നു. മിൽമ വരുംമുന്പേ തൃശൂരിൽ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റിൽ പാൽ വിതരണം നടത്താൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. അവണിശേരി ഖാദി കേന്ദ്രം വലിയ പ്രസ്ഥാനമായി വളർന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ഡിസിസി ഓഫീസ്, ജില്ലാ സഹകരണ ബാങ്ക് ജവഹർ കണ്വൻഷൻ സെന്റർ, കെപിസിസി ആസ്ഥാനമന്ദിരം ഉൾപ്പടെയുള്ളവയുടെ നിർമാണത്തിനു നേതൃത്വം നൽകാൻ അദ്ദേഹത്തിനായി. ജില്ലാ ബാങ്ക് പ്രസിഡന്റ് ആയിരിക്കെയാണ് കണ്വൻഷൻ സെന്റർ നിർമിച്ചത്.
അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മകൾ സി.ബി. ഗീതയും രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു. തൃശൂർ കോർപറേഷൻ ഒളരി ഡിവിഷൻ കൗണ്സിലറാണ് സി.ബി. ഗീത. അനാരോഗ്യം മൂലം ഏറെക്കാലമായി പൊതുരംഗത്തു നിന്ന് വിട്ടു നിൽക്കുകയായിരുന്നു സി.എൻ.