ഒറ്റപ്പാലം: സ്വതന്ത്ര ഇന്ത്യയുടെ രജതജൂബിലിയോടനുബന്ധിച്ച് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിനെതിരേ വ്യാപക പ്രതിഷേധം. ചെർപ്പുളശേരി-ഒറ്റപ്പാലം റോഡിൽ സെൻഗുപ്ത റോഡ് ജംഗ്്ഷനിൽ ഒറ്റപ്പാലം നഗരസഭ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിനെതിരേയാണ് പ്രതിഷേധം.
ഇതിനു പിറകിലുള്ള സ്വകാര്യവ്യക്തികളുടെ ഷോപ്പിംഗ് കോംപ്ലക്സിനു മുഖം നഷ്ടമാകുമെന്ന കാരണത്താലാണ് ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ നഗരസഭാ ചെയർമാൻ ഇടപെടുകയും പൊളിച്ചുനീക്കൽ നടപടി നിർത്തിവയ്പിക്കുകയും ചെയ്തു.പ്രദേശത്ത് പുതിയതായി വരുന്ന സ്വകാര്യ വ്യാപാര സ്ഥാപനത്തിനു മുന്നിലാണ് നഗരസഭയുടെ ഈ ബസ് കാത്തിരിപ്പുകേന്ദ്രം.
കാലപ്പഴക്കംമൂലം നാമമാത്രമായി കേടുപാടുകൾ ഇതിനുണ്ടെങ്കിലും കാര്യമായ ഒരു തകരാറുമുണ്ടായിട്ടില്ല. ഇത് നവീകരിക്കുന്നതിനു സ്ഥാപന ഉടമകൾ നഗരസഭയെ സമീപിക്കുകയും ബസ് സ്റ്റോപ്പിന്റെ ഘടന മാറ്റാതെ നവീകരിക്കാൻ നഗരസഭാ കൗണ്‍സിൽ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഘടന പൂർണമായും മാറ്റിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചത്.
ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മേൽക്കൂരയടക്കം പൊളിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ ഇടപെട്ടത്. നഗരസഭാ എൻജിനീയറുടെ മേൽനോട്ടത്തിൽ ഘടന മാറ്റാതെ നവീകരിക്കാനാണ് അനുമതി നല്‍കിയതെന്നും മുനിസിപ്പൽ എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നുമാണ് ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി പറയുന്നത്.
അതേസമയം നവീകരണത്തിന്റെ പേരിൽ നഗരസഭയിൽനിന്നും അനുമതി വാങ്ങി ഘടനയിൽ പൂർണമായി മാറ്റംവരുത്തി തങ്ങളുടെ സ്ഥാപനത്തിന്റെ മുഖംമറച്ചു നില്ക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിനെ ചെറുതാക്കി പുനർനിർമിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ഇതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും വിവിധ രാഷ്ട്രീയപാർട്ടികൾ ചൂണ്ടിക്കാണിക്കുന്നു. ഇത് പൂർവസ്ഥിതിയിലാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭരംഗത്തിറങ്ങുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്. ബസ് കാത്തിരിപ്പുകേന്ദ്രത്തോടു ചേർന്നു നിലനിന്നിരുന്ന മരങ്ങൾ നശിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചു അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഒറ്റപ്പാലം: നഗരസഭയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കുന്നതിനു നടപടി തുടങ്ങിയതെന്ന് ആരോപണ വിധേയർ. ചട്ടപ്രകാരം നഗരസഭയ്ക്ക് അപേക്ഷ നല്‍കുകയും കൗണ്‍സിൽ യോഗം ഇതിനു അനുമതി നല്കിയിട്ടുള്ളതുമാണ്.
ആധുനിക മാതൃകയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു രൂപഘടന നല്‍കിയിട്ടുള്ളത്. ഇതിനർഥം പഴയത് പൂർണമായും പൊളിച്ചു മാറ്റുകയെന്നുള്ളതല്ല. നവീകരണത്തിനാവശ്യമായ രീതിയിൽ ചില ഭാഗങ്ങൾ പൊളിച്ചുവെന്ന് മാത്രമേയുള്ളൂവെന്നും ഉത്തരവുപ്രകാരം മാത്രമേ തുടർപ്രവൃത്തികൾ നടത്തുകയുള്ളൂവെന്നും ബന്ധപ്പെട്ടവർ അറിയിച്ച.ു.