സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് തലാസീമിയ രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും രോഗികള്‍ക്ക് സുരക്ഷിത രക്തം നല്‍കുന്നതിനുള്ള ഉപകരണമായ ലൂക്കോസൈറ്റ്- ഫില്‍ട്ടര്‍ സെറ്റ് വിതരണം അവതാളത്തില്‍ .18 വയസ്സുവരെയുള്ള രോഗികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഉപകരണം ഉള്‍പ്പെടെ സൗജന്യമായി നല്‍കിയാണ് ചികിത്സ നല്‍കുന്നത്.
എന്നാല്‍ ഇതേ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നതോടെ ജീവന് രക്ഷാ മരുന്നുകളും ഫില്‍ട്ടര്‍ സൈറ്റും പുറത്ത് നിന്നും പണംകൊടുത്ത് വാങ്ങി രക്തം സ്വീകരിക്കേണ്ട അവസ്ഥയാണ്. 1200 രൂപയാണ് ലൂക്കോസൈറ്റ്-ഫില്‍ട്ടര്‍ സെറ്റിന്. മാസത്തില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ക്ക് രക്തം സ്വീകരിക്കേണ്ടി വരും. മുന്‍കാലങ്ങളെ അപേക്ഷിച്ച് രക്തബാങ്കുകള്‍ സജീവമായതിനാലും രക്തദാതാക്കള്‍ രക്തദാനത്തിന് തയ്യാറാവുന്നതും ഇവര്‍ക്ക് ആശ്വാസമേകുന്നുണ്ട്.
എന്നാല്‍ രക്തശുദ്ധീകരണത്തിനുള്ള ഉപകരണവും മരുന്നു പുറത്തു നിന്നും വിലകൊടുത്തു വാങ്ങാന്‍ സാമ്പത്തികസ്ഥിതി അനുവദിക്കില്ലെന്ന വെല്ലുവിളിയാണ് രോഗികകളെ തളര്‍ത്തുന്നത്. ശരീരത്തിനാവശ്യമായ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവിനെയാണ് രോഗം ബാധിക്കുന്നത്. തലാസീമിയ ബാധിതര്‍ക്ക് രക്തത്തില്‍ ചുവപ്പ് രക്താണുക്കളുടെ എണ്ണവും ഹീമോഗ്ലോബിനും കുറവായിരിക്കും.
100 പേരില്‍ മൂന്നുപേര്‍ക്ക് തലാസീമിയ ബാധിച്ചേക്കാമെന്നാണ് കണക്ക്. ഇന്ത്യയില്‍ മൂന്നുകോടി ജനങ്ങള്‍ ഈ രോഗത്തിനു കാരണമായ ജീന്‍ വാഹകരാണ് ഇവരെ ഒരു തരത്തിലും അസുഖം ബാധിക്കുന്നില്ലെങ്കിലും രണ്ട് തലാസീമിയ വാഹകര്‍ വിവാഹിതരായാല്‍ അവര്‍ക്കുണ്ടാകുന്ന 25 ശതമാനം കുഞ്ഞുങ്ങളെ ഈ മാരക രോഗം ബാധിക്കാം. സംസ്ഥാനത്ത് 600-ലധികം തലാസീമിയ രോഗികള്‍ ഉണ്ടെന്നാണ് കണക്കുകള്‍.
കോഴിക്കോട് ജില്ലയില്‍ മാത്രം 100-ലധികം രോഗികളുണ്ട്. തലാസീമിയ രോഗികള്‍ക്കായി മെഡിക്കല്‍ കോളജുകളില്‍ പ്രത്യേക വാര്‍ഡ് രൂപീകരിക്കണമെന്നും രോഗത്തിന് വിദഗ്ദ ഡോക്ടര്‍മാര്‍ വേണമെന്ന ആവശ്യവും ശക്തമാണ്. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ രോഗം ഹൃദയത്തെയും കരളിനെയും ബാധിക്കുകയും രോഗിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്യും. വിദഗ്ദ ചികിത്സ ലഭിക്കാതെ കോഴിക്കോട് നടുവണ്ണൂര്‍, അരീക്കോട് സ്വദേശികളായ കുട്ടികള്‍ മരണപ്പെട്ടിരുന്നു.
വിദേശ രാജ്യങ്ങളില്‍ രക്തജന്യരോഗികളില് വിജയിച്ച ജീന്‍ തെറാപ്പി ഇന്ത്യയിലും കൊണ്ടു വരണമെന്നാണ് തലാസീമിയ രോഗികളുടെ സഹായസംഘടനകള്‍ ആവിശ്യപ്പെടുന്നത്. ജീനുകളെ ഉപയോഗിച്ച് രോഗങ്ങള്‍ ചികിത്സിച്ച് മാറ്റാനും രോഗത്തിന്റെ ശക്തികുറയ്ക്കാനാകുമെന്നാണ് കണ്ടുപിടിത്തം.
ജീന്‍തെറാപ്പിയും ജീന്‍ എഡിറ്റും ഇന്ത്യയിലെ ആരോഗ്യമേഖലയിലും യാഥാര്‍ത്ഥ്യമാക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്തജന്യ രോഗികള്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. തലാസീമിയ രോഗികളെ സൗജന്യമായി വിദേശരാജ്യങ്ങളിലേക്ക് അയച്ച്ജീന്തെറാപ്പി നടത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.