പത്തനാപുരം: സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടപ്പാക്കിയ മീൻ വളർത്തൽ പദ്ധതി ഫലം കണ്ടില്ല. 2013 ൽ ആരംഭിച്ച പദ്ധതി ഒരു പ്രയോജനവും കാണാതെ നശിക്കുന്നു. മുള്ളുമല മാനേജർ കോട്ടേഴ്സിലും 80 ാം ബ്ലോക്കിലുമായി വലിയ നാല് കുളങ്ങൾ നിർമിച്ച് മുന്തിയിനം വളർത്ത് മത്സ്യങ്ങളെ നിക്ഷേപിച്ച് പരിപാലനത്തിനായി അഞ്ച് ജീവനക്കാരെയും നിയമിച്ചെങ്കിലും നഷ്ടത്തിന്റെ കണക്കുകളാണ് നിലവിലുള്ളത്.
ആറ് മാസം കൊണ്ട് വലുതായി വില്പനയ്ക്ക് പാകമാകുന്ന മത്സ്യങ്ങളെയാണ് ആദ്യം കുളങ്ങളിൽ നിക്ഷേപിച്ചത്.
മന്ത്രിയടക്കമുള്ള ജനപ്രതിനിധികളെ വച്ചാണ് ആദ്യ മത്സ്യ വിളവെടുപ്പ് നടത്തിയത്. കുളം, മോട്ടറുകൾ , പമ്പുകൾ, വലകൾ എന്നിവയ്ക്ക് ലക്ഷങ്ങൾ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇപ്പോൾ കുളങ്ങൾ നശിച്ച് കൊതുകും കൂത്താടിക്കും പുറമേ പാമ്പുകളുടെയും വിഹാരകേന്ദ്രമായി മാറി.
മത്സ്യ പരിപാലനത്തിനായി നിയമിച്ച തൊഴിലാളികളും ഇപ്പോൾ ഇല്ലാത്ത സ്ഥിതിയാണ്. വെള്ളം പമ്പ് ചെയ്ത് ശുചീകരണവും നടത്തുന്നില്ല. മീൻ വളർത്തൽ നഷ്ടത്തിലായതിനാലാണ് പിന്നിട് മീനുകളെ നിക്ഷേപിക്കാതിരുന്നതെന്നാണ് സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം.
ലക്ഷങ്ങൾ ചിലവഴിച്ച പദ്ധതിയെ പറ്റി വിജിലൻസ് അന്വഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് നേതാക്കളായ പുന്നല ഉല്ലാസ് കുമാർ, സന്തോഷ് മുള്ളുമല, അഭിജിത്ത് അമ്പനാർ എന്നിവർ പരാതി നൽകുമെന്ന് മാനേജ്മെന്റിനെ അറിയിച്ചു.