പത്തനംതിട്ട: ശബരിമലയിൽ സുരക്ഷാ ചുമതലയിലേക്കുള്ള മൂന്നാംഘട്ട സേന 14നു ചുമതലയേൽക്കും. ഐജി എസ്. ശ്രീജിത്തിന് പന്പയിലെയും സന്നിധാനത്തെയും മേൽനോട്ടച്ചുമതല നൽകി. നിലയ്ക്കൽ, എരുമേലി, വടശേരിക്കര എന്നിവിടങ്ങളിലെ സുരക്ഷാ മേൽനോട്ടം ഇന്റലിജൻസ് ഡിഐജി എസ്. സുരേന്ദ്രനാണ്.
തുലാമാസ പൂജയ്ക്ക് ശബരിമലയിലെ മേൽനോട്ടചുമതലയിലുണ്ടായിരുന്ന ഐജി ശ്രീജിത്ത് അന്നു പോലീസ് വേഷത്തിൽ യുവതിയെ മലകയറ്റാൻ സഹായിച്ചുവെന്ന പേരിൽ ഏറെ പഴി കേട്ടിരുന്നു. ശബരിമല മണ്ഡല, മകരവിളക്കുകാലം നാലു ഘട്ടങ്ങളിലായാണ് പോലീസ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
14നു ചുമതലയേൽക്കുന്ന സംഘം 29 വരെ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലുമുണ്ടാകും. മണ്ഡലപൂജ കഴിഞ്ഞ് 27നു നട അടയ്ക്കുമെങ്കിലും മകരവിളക്കിനു നട തുറക്കുന്നതിനു തലേന്നു നാലാംഘട്ട സംഘം ചുമതലയേറ്റ ശേഷമേ ഇവർക്കു മടങ്ങാനാകൂ.
സന്നിധാനത്തു കോഴിക്കോട് റൂറൽ ഡിസിപി ജി. ജയദേവ്, ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവ് എന്നിവർ പോലീസ് കണ്‍ട്രോളർമാരായി പ്രവർത്തിക്കും. പന്പയിൽ കാർത്തികേയൻ ഗോകുലചന്ദ്രൻ, ഷാജി സുഗതൻ എന്നീ എസ്പിമാരാണ് കണ്ട്രോളർമാർ.
നിലയ്ക്കലിൽ എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായർ, ക്രൈംബ്രാഞ്ച് എസ്പി ആർ. മഹേഷ്, എരുമേലിയിൽ എസ്പി റെജി ജേക്കബ്, ജയനാഥ് എന്നിവരും സുരക്ഷാ ചുമതലയിലുണ്ടാകും.4,026 പോലീസ് ഉദ്യോഗസ്ഥരെയാണ് ഈ ഘട്ടത്തിൽ നിയോഗിച്ചിട്ടുള്ളത്. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്.
389 എസ്ഐമാർ, 90 സിഐമാർ, 29 ഡിവൈഎസ്പിമാർ എന്നിവർ ഡ്യൂട്ടിയിലുണ്ടാകും. മകരവിളക്കിനോടനുബന്ധിച്ച് നിയോഗിക്കപ്പെടുന്ന പോലീസ് സംഘം 29 മുതൽ ജനുവരി 16വരെ ഡ്യൂട്ടിയിലുണ്ടാകും. ഏറ്റവുമധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും മകരവിളക്കിന്റെ ഈ ഘട്ടത്തിലാണ്. നിലവിലെ സാഹചര്യത്തിൽ 4,383 പേർക്കാണ് ഡ്യൂട്ടി നൽകിയിരിക്കുന്നത്.