സ്വന്തം ലേഖകൻ
തൃശൂർ: സി.എൻ.ബാലകൃഷ്ണൻ പ്രിയപ്പെട്ടവരുടെ മനസിൽ ഇനി ഓർമ. സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ളവരുടെ അന്തിമോപചാരം ഏറ്റുവാങ്ങിയ സി.എൻ. ബാലകൃഷ്ണന്റെ ഭൗതികദേഹം പ്രിയതട്ടകമായ തൃശൂരിന്റെ മണ്ണിലൊരുക്കിയ ചിതയിലെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുന്പോൾ കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് തിരശീല വീണത്. പൂർണ ഒൗദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സി.എൻ. ബാലകൃഷ്ണന്റെ മകൾ മിനിയുടെ മകൻ വിഷ്ണു ചിതയ്ക്ക് തീ കൊളുത്തി.
ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ സി.എൻ.ബാലകൃഷ്ണന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലമായിരുന്ന തൃശൂരിലെത്തിച്ചത്. വഴിനീളെ ആയിരക്കണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങിയാണ് മൃതദേഹം വഹിച്ചുള്ള ആംബുലൻസ് തൃശൂരിലെത്തിയത്.
തൃശൂരിൽ പൊതുദർശനത്തിനു വച്ച ടൗണ്‍ഹാളിലും ദീർഘകാലം പ്രവർത്തനകേന്ദ്രമായിരുന്ന തൃശൂർ ഡിസിസി ഓഫീസിലും ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. വൈകീട്ടോടെ അയ്യന്തോൾ ഉദയനഗറിലെ വസതിയിലേക്ക് മൃതദേഹമെത്തിച്ചപ്പോൾ രാത്രി വൈകിയും നിരവധി പ്രവർത്തകരും രാഷ്ട്രീയകക്ഷിഭേദമന്യേ നേതാക്കളും സി.എന്നിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിക്കൊണ്ടിരുന്നു. രാത്രി വൈകിയും ഇന്നുപുലർച്ചെയുമെല്ലാം നേതാക്കളടക്കം നിരവധിപേർ ഉദയനഗറിലെത്തി.
മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, എ.സി.മൊയ്തീൻ, മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, മുൻ എംപി പി.സി.ചാക്കോ, ശോഭനജോർജ്, ഫാ.വാൾട്ടർ തേലപ്പിള്ളി, പി.ജെ.ജോസഫ്എംഎൽഎ, ബേബി ജോണ്‍, സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് അലക്സാണ്ടർ സാം, സെക്രട്ടറി എൻ.ശ്രീകുമാർ, മുൻമന്ത്രി പി.കെ.ജയലക്ഷ്മി, എൽഡിഎഫ് കണ്‍വീനർവി.എസ്.വിജയരാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡോ.ശൂരനാട് രാജശേഖരൻ എന്നിവർ അയ്യന്തോൾ ഉദയനഗറിലെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
രാവിലെ പത്തരയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കുന്പോഴും അന്ത്യാഞ്ജലിയർപ്പിക്കാൻ ആളുകൾ എത്തുന്നുണ്ടായിരുന്നു.