ആശുപത്രിയിലാക്കിയാല്‍ കേസായാലോ, കാറില്‍ ചോരക്കറ ആയോലോ..! അപകടം ആര്‍ക്കും വരാവുന്നതല്ലേ സുഹൃത്തേ; നടന്‍ അഭിമന്യു രാമനന്ദന്റെ മരണത്തിന് കാരണക്കാരനായ ബെന്‍സ് കാര്‍ ഉടമയ്ക്ക് ബന്ധു എഴുതിയ കത്ത്

കൊച്ചു കേരളത്തില്‍ പോലും വാഹനാപകടങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരും യുവാക്കളും കണക്കില്ലാതെ അപകടത്തില്‍ പെടുന്നു, അല്ലെങ്കില്‍ അപകടത്തിന് കാരണക്കാരാവുന്നു. സെലിബ്രിറ്റികള്‍ക്ക് എന്തെങ്കിലും സംഭവിക്കുമ്പോഴാണ് വലിയ വാര്‍്തതയാവുന്നത് എന്ന് മാത്രം.

മലയാളികള്‍ ഏറെ ആസ്വദിച്ച മൗനം സൊല്ലും വാര്‍ത്തകള്‍ എന്ന ആല്‍ബത്തിലൂടെ താരമായ അഭിമന്യു രാമനന്ദന്റെ വാഹനാപകടത്തെ തുടര്‍ന്നുള്ള മരണം ഏറെ ഞെട്ടലുളവാക്കിയിരുന്നു. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവം കഴിഞ്ഞ് വരുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചായിരുന്നു അഭിമന്യവുന്റെ മരണം.

അഭിമന്യു സഞ്ചരിച്ച ബൈക്കിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇപ്പോഴിതാ അഭിമന്യുവിന്റെ ഒരു ബന്ധു കാര്‍ ഉടമക്കെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ ഉള്ളുപൊള്ളിച്ച് പ്രചരിക്കുന്നു.

അഭിമന്യുവിനെ ഇടിച്ചുതെറിപ്പിച്ചത് ഒരു ബെന്‍സ് കാറാണെന്നും അപകടം നടന്നയുടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും കത്തില്‍ പറയുന്നു. അഭിമന്യുവിന്റെ ബൈക്കില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹന ഉടമയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ അഫ്‌സല്‍(34) ആണ് അറസ്റ്റിലായത്.

ബന്ധുവിന്റെ കത്തില്‍ പറയുന്നതിങ്ങനെ..

എത്രയും പ്രിയപ്പെട്ട ആ ബെന്‍സ് കാര്‍ ഉടമയ്ക്ക്,

ഒരു അപകടം അത് ആര്‍ക്കും എപ്പോഴും വരാം, ദിനംപ്രതി എത്ര അപകടങ്ങള്‍ അണ് നമ്മുടെ നിരത്തുകളില്‍ സംഭവിക്കുന്നത്, അതുപോലെ എന്റെ സഹോദരനും കഴിഞ്ഞദിവസം ഒരു അപകടം പറ്റി, അവന്‍ നമ്മളെ വിട്ടു പോയി. ഒരു കുടുംബത്തിന്റെ, മൂന്നരവയസുള്ള രണ്ടു പെണ്‍മക്കളെയും അവന്റെ ജീവന്റെ ജീവനായ എന്റെ പെങ്ങളെയും, ജീവിതത്തിലെ ഒരുപാട് മോഹങ്ങളും ബാക്കിയാക്കി അവന്‍ പോയി.

സഹിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ ആ മക്കളുടെ മുഖം കാണുമ്പോള്‍, കുഴിമാടത്തില്‍ നോക്കി കരയുന്ന എന്റെ പെങ്ങളെ കാണുമ്പോള്‍, ഇപ്പോഴും ഒന്നും വിശ്വസിക്കാന്‍ പറ്റാത്ത അവന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായ നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം അണല്ലോ അല്ലേ?

ആരുടെ ഭാഗത്ത് ഉണ്ടായ തെറ്റോ, അതൊരു മനുഷ്യജീവന്‍ അല്ലായിരുന്നോ? ഇടിച്ചു തെറിപ്പിച്ച ശേഷം എന്റെ ചെറുക്കനെ കൃത്യസമയത്ത് ഒന്ന് ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവന്‍ എന്റെ പൊന്നു മക്കള്‍ക്ക് കാണാന്‍ ഒരു വീല്‍ചെയറില്‍ എങ്കിലും ഉണ്ടയേനെ. സഹിക്കാന്‍ പറ്റുന്നില്ല മാഷേ … അയ്യോ വണ്ടി നിര്‍ത്തിയാല്‍ ചിലപ്പോള്‍ പോലീസ് കേസ് ആയാലോ, പൊല്ലാപ്പ് ആകില്ലെ? അതുപോലെ പുതിയ ബെന്‍സ് കാറല്ലെ, സീറ്റില്‍ ഒക്കെ ചോരക്കറ ആയാലോ അല്ലേ?

മാന്യത, മനുഷ്യത്വം എന്നിവ ഉള്ളതു കൊണ്ടുതന്നെ അങ്ങയെ താങ്കള്‍, സുഹൃത്ത് എന്നൊക്കെ വിളിക്കട്ടെ.

അവന്‍ എന്തായിരുന്നു എന്നും അവന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം അറിയുന്ന ആര്‍ക്കും അവന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയില്ല.

മനുഷ്യത്വം ഇല്ലാത്ത ഈ അമിത വേഗം എങ്ങോട്ട് സഹോദരാ? എത്രനാള്‍? ഒരിക്കല്‍ പണവും സ്വാധീനവും ഒന്നും ഒരു ജീവന്‍ രക്ഷിക്കാന്‍ പോരാതെ വരും അപ്പോള്‍ മനസ്സിലാകും നമുക്ക് ഉണ്ടായ നഷ്ടത്തിന്റെ വില…

പുതിയ കാറും എല്ലാ ജീവിത സൗഭാഗ്യവും ആയി നല്ലാരു ജീവിതം ആശംസിക്കുന്നു…. എല്ലാം അറിയുന്ന ആ ദൈവം അനുഗ്രിഹക്കട്ടെ. നഷ്ടം അത് ഞങ്ങള്‍ക്ക് മാത്രം…

Related posts