കെഐപി വക രവി നഗറിലെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. മലപ്പുറം അനമങ്ങാട് ചേതനം കുറിശി എങ്ങച്ചാലില് മുഹമ്മദലിയുടെ മകന് മുജീബ് റഹ്മാന് (28) ആണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കാണപ്പെട്ടത്.
മൃഗസംരക്ഷണവകുപ്പിലെ ജീവനക്കാരിയും രണ്ടു മക്കളുടെ അമ്മയുമായ നാല്പതുകാരിയാണ് മകളോടൊപ്പം ഇവിടെ താമസിച്ചു വരുന്നത്. മൈലത്ത് ബ്യൂട്ടിസെന്ററിലെ ജീവനക്കാരനാണ് മുജീബ് റഹ്മാന്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.
മരിച്ചയാളിന്റെ ശരീരത്തില്‍ മുറിവുകളും പാടുകളുമുണ്ട്. കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതശരീരം. രക്തക്കറയും കണ്ടെത്തി. പോലീസ് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ജീവനക്കാരി പോലീസിന് നല്കിയ മൊഴി ഇങ്ങനെ:
ബ്യൂട്ടിപാര്‍ലറില്‍ പോയി മുജീബ് റഹ്മാനുമായി പരിചയമുണ്ടായിരുന്നു. ഇയാള്‍ മിക്കപ്പോഴും ക്വാര്‍ട്ടേഴ്സില്‍ വരുമായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന തന്നെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി മുജീബ് റഹ്മാന് കഴിഞ്ഞദിവസം പകല്‍ അമിതമായി മദ്യപിച്ച് എത്തി. ഇതിനെത്തുടര്‍ന്ന് രാത്രി കൊട്ടാരക്കര പെരുങ്കുളത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് താന്‍ കുട്ടിയുമായി പോയി.
ഇന്നലെ രാവിലെ ഏഴോടെ മടങ്ങിയെത്തിയപ്പോള്‍ കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകിയ നിലയില്‍ നിലത്ത് അവശനിലയില്‍ മുജീബിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ കെട്ടഴിച്ചു മുഖത്തു വെള്ളം തളിച്ചു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ മൊഴി. എന്നാല്‍ മുറിക്കകത്തു രക്തത്തുള്ളികളും മുടിയിഴകളും കണ്ടതു ബലപ്രയോഗം നടന്നതിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറഞ്ഞു.