ഫോർട്ട് കൊച്ചി: വനിതാ മതിൽ നിർമിക്കാൻ സർക്കാർ പണം ഉപയോഗിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന സംഘടനകളാണ് വനിതകളെ എത്തിക്കുന്നതെന്നും സർക്കാർ സഹായം നൽകുക മാത്രമാണു ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ആശയ പ്രചാരണമാണു നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിനു സർക്കാർ പ്രാധാന്യം നൽകുന്നു. വനിതാ മതിൽ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമാണ്. ഇതിനായി സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളാണ്.
സ്ത്രീകളെയും സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. വനിതാ മതിലിനു സർക്കാർ പണം ഉപയോഗിക്കുന്നില്ലെന്നും പ്രതിവാര സംവാദ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ, വനിതാ മതിൽ നിർമിക്കാൻ പ്രളയ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം ഉപയോഗിക്കുന്നുവെന്ന് കോണ്ഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.