അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം വലിയ തിരിച്ചടികളാണ് ബിജെപിയുടെ ഐക്കണായ നരേന്ദ്രമോദിയ്ക്കും കൂട്ടര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തെരഞ്ഞെടുപ്പിലൂടെ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന വലിയ സൂചനയും ബിജെപിയ്ക്ക് ലഭിച്ചിരിക്കുകയാണ്.
സ്വന്തം നാടും നാട്ടുകാരും പോലും തനിക്കെതിരെ തിരിയുന്ന അവസ്ഥയാണിപ്പോള്‍ മോദിയ്ക്ക് ഉണ്ടായിരിക്കുന്നത്. അതും സ്വന്തം തട്ടകത്തിലെ തന്റെ എതിരാളിയായ യോഗി ആദിത്യനാഥിനുവേണ്ടി.
ബിജെപിയുടെ ഐക്കണായി പ്രധാനമന്ത്രിയെ മാറ്റി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ട് വരണമെന്നാണ് ആവശ്യം. നവനിര്‍മാണ്‍ സേനയാണ് ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതേ കാര്യം ആവശ്യപ്പെട്ടുകൊണ്ട് വ്യാപകമായ രീതിയിലുള്ള പ്രചരണവും എങ്ങും നടക്കുന്നുണ്ട്.
നരേന്ദ്രമോദി വാഗ്ദാന ലംഘനത്തിന്റെ ബ്രാന്‍ഡാണെന്നും ഹിന്ദുത്വത്തിന്റെ ബ്രാന്‍ഡ് യോഗി ആണെന്നുമാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ രക്ഷിക്കാന്‍ യോഗിയെ കൊണ്ട് വരണമെന്നാണ് ഇവര്‍ പറയുന്നത്. മോദിയുടെയും യോഗിയുടെയും ചിത്രം പതിപ്പിച്ച് ലക്നൗവില്‍ ഉയര്‍ത്തിയ ബാനറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ അടക്കം ഇങ്ങനെയൊരു പ്രചരണം നടക്കുന്നുണ്ട്.
അടുത്ത കാലത്തായി നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിലെല്ലാം മോദിക്ക് പകരമായി പ്രചരണ ചുമതല യോഗി ആദിത്യനാഥിനെയായിരുന്നു പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത്. പതിവിന് വിപരീതമായി മോദിയേക്കാള്‍ ഇരിട്ടയിലധികം റാലികളിലാണ് യോഗി സാന്നിധ്യം അറിയിച്ചത്.
ബി.ജെ.പിയുടെ മറ്റു മുഖ്യമന്ത്രിമാര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുമ്പോഴാണു യോഗി രാജ്യവ്യാപക പ്രചാരണത്തിനിറങ്ങിയത്. ത്രിപുര പിടിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് യോഗിയായിരുന്നു എന്നും വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണിപ്പോള്‍ മോദിയ്ക്കെതിരെ, യോഗിയ്ക്കുവേണ്ടി നേരിട്ട് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.