തിരുവനന്തപുരം: ട്രാഫിക് സിഗ്നൽ ലംഘിച്ച ബൈക്ക് തടഞ്ഞ പോലീസുകാരെ മർദിച്ച സംഭവത്തിൽ 5 വിദ്യാർഥികൾക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഷിജിത്ത് പറഞ്ഞു.
ഇന്നലെ വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് യു-ടേണ്‍ തിരിയുന്നതിനെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ തടഞ്ഞു. ക്ഷുഭിതനായ യുവാവ് പോലീസുകാരനെ പിടിച്ചു തള്ളിയ ശേഷം തന്റെ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വിളിച്ച് വരുത്തി.
പോലീസുകാരനെ പിടിച്ച് തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട് സമീപത്തുണ്ടായിരുന്ന എആർക്യാന്പിലെ രണ്ട് പോലീസുകാർ സ്ഥലത്തെത്തി. തുടർന്ന് യൂണിവേഴ്സിറ്റി കോളജിൽ നിന്നെത്തിയ ഇരുപതോളം വരുന്ന വിദ്യാർഥികൾ പോലീസുകാരെ ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ വിനയചന്ദ്രൻ, ശരത് എന്നീ പോലീസുകാർക്ക് മർദനമേറ്റു. പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തെങ്കിലും എസ്എഫ്ഐ നേതാക്കൾ ഇടപെട്ട് ഇവരെ മോചിപ്പിച്ച് കൊണ്ടു പോകുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യാർഥികൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
ആക്രമണ ദൃശ്യങ്ങൾ പോലീസിന്റെ സിസിടിവി യിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തിൽ പോലീസ് മതിയായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.