മുക്കൂട്ടുതറ: രോഗിയുമായി പോയ ആംബുലൻസ് തിരികെ പമ്പയിലേക്ക് വരുന്നതിനിടെ ശബരിമല പാതയിൽ കടയുടെ മുമ്പിലേക്ക് മറിഞ്ഞ് അപകടം. ഇന്നു രാവിലെ ആറു മണിയോടെ മുട്ടപ്പള്ളി 40 ഏക്കർ ജംഗ്ഷനിലെ വളവിലാണ് അപകടം.
ആംബുലൻസിൽ ഡ്രൈവർ വൈക്കം പൂത്തോട്ട സനീഷ് (40) മാത്രമാണുണ്ടായിരുന്നത്. ഇയാളെ പരിക്കുകളോടെ എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മറ്റാർക്കും പരിക്കുകളില്ല. റോഡരികിലെ കട്ടിംഗിലും ഓടയിലും ചാടി നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്ന് കരുതുന്നു. കടയുടെ മുൻഭാഗത്തോടു ചേർന്നാണ് വാഹനം മറിഞ്ഞത്. മഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേതാണ് മറിഞ്ഞ ആംബുലൻസ്. പമ്പയിൽ നിന്നും രോഗിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.