ആരാധകര്‍ ഏറെ കാത്തിരുന്നെത്തിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ പുറത്തെത്തിയിരിക്കുന്നു. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ മലയാളികളെ ത്രസിപ്പിച്ച മറ്റൊരു കാര്യമുണ്ട്, മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത് എന്നതാണത്.
മോഹന്‍ലാലിന്റെ ഇത്രയും പ്രധാനപ്പെട്ട ഒരു ചിത്രം, പ്രൊഫഷണല്‍ രംഗത്തെ എതിരാളി പുറത്ത് വിടുന്നു എന്നത് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും ആളുകള്‍ക്ക് വിശ്വസിക്കാന്‍ പോലും പ്രയാസമായ കാര്യമാണ്. എന്നാല്‍ ഈ തുല്യശക്തികള്‍ തമ്മിലുള്ള ആഴമായ അടുപ്പവും സൗഹൃദവും എത്രമാത്രമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള ഓരോ ചെറിയ കാര്യങ്ങളും.
പുറമേ നിന്ന് നോക്കുന്നവര്‍ക്ക് അത് അത്രകണ്ട് മനസിലാവണമെന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടി ബന്ധത്തെക്കുറിച്ച് മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന് കൃത്യമായി വ്യക്തമാക്കാന്‍ സാധിക്കും. അതദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ..
മമ്മൂക്കയോ ലാലേട്ടനോ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചാല്‍ അതൊരാഘോഷം തന്നെയായിരിക്കും. പ്രണവിന്റെ ആദ്യ സിനിമ റിലീസിന് മുമ്പ് മമ്മൂക്കയുടെ വീട്ടിലെത്തി എല്ലാവരും അനുഗ്രഹം വാങ്ങണമെന്ന് ലാല്‍ സാറിന് നിര്‍ബന്ധമായിരുന്നു. അത് ചെയ്യുകയും ചെയ്തു. അതിനൊക്കെ കാരണവുമുണ്ട്. ലാല്‍ സാറിന്റെ വിഷമഘട്ടങ്ങളില്‍ മമ്മൂക്കയെപ്പോലെ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്ത വേറെ ആരും ഉണ്ടായിട്ടില്ല. അപ്പുറത്ത് മമ്മൂക്കയുണ്ടെന്നത് ഞങ്ങള്‍ക്കെല്ലാം എപ്പോഴും ഒരു ധൈര്യമായിരുന്നു.
ഈ എന്നെപ്പോലും ഇന്‍ഡസ്ട്രിയില്‍ ഇത്രയേറെ വളരാന്‍ അദ്ദേഹം എന്തുമാത്രം സഹായിച്ചിട്ടുണ്ടെന്നോ. വീട്ടിലെ മുതിര്‍ന്ന അംഗത്തെപ്പോലെ എല്ലാക്കാര്യത്തിലും അദ്ദേഹം മികച്ച ഉപദേശങ്ങളും തരും. എന്ത് അഭിപ്രായ വ്യത്യസമുണ്ടായാലും അതദ്ദേഹം വളരെ നല്ല രീതിയില്‍ പറഞ്ഞ് മനസിലാക്കിയും തരും. കൂടാതെ ഞാനൊക്കെ മനസിലാക്കിയതിലും അപ്പുറം വളരെ ആഴമായ ബന്ധമാണ് ലാല്‍ സാറും മമ്മൂക്കയും തമ്മിലുള്ളത്. ആന്റണി പറയുന്നു.