തൃക്കരിപ്പൂർ: വെള്ളാപ്പ് ജംഗ്ഷനിൽ മണൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ കോളജ് വിദ്യാർഥി മരിച്ചു. ബൈക്ക് ഓടിച്ച യുവാവിന് സാരമായി പരിക്കേറ്റു. ഇടയിലെക്കാട് അങ്കണവാടിക്ക് സമീപത്തെ പെയിന്റിംഗ് തൊഴിലാളി ടി. ഗണേശന്റേയും ഇളമ്പച്ചി ഖാദി സെന്ററിലെ തൊഴിലാളി കെ. വസന്തയുടെയും മകൻ കെ. അക്ഷയ് (19) ആണ് മരിച്ചത്.
പയ്യന്നൂർ അമൃത വിദ്യാലയത്തിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. ബൈക്ക് ഓടിച്ച ഇടയിലെക്കാട്ടെ രമേശന്റെ മകൻ അനീതിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മണൽ ലോറിയുടെ മരണപാച്ചിലിൽ വിദ്യാർഥിയുടെ ജീവനെടുത്തത്.
കൊയോങ്കരയിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള കഴിഞ്ഞുവരികയായിരുന്നു ഇരുവരും. തൃക്കരിപ്പൂർ ടൗൺ വഴി വെള്ളാപ്പ് ജംഗ്ഷനിൽ ഇവർ സഞ്ചരിച്ച ബൈക്ക് ആയിറ്റി ഭാഗത്ത് നിന്നും ചീറിപാഞ്ഞെത്തിയ മണൽ കയറ്റിയ ലോറി ഇടിച്ചു തെറുപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഉടൻ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. ഇടിച്ച മണൽ ലോറി നിർത്താതെ പോയി. ഒരു മണിക്കൂറിന് ശേഷം മെട്ടമ്മലിൽ ചില്ലു തകർന്ന മിനിലോറി ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തുകയായിരുന്നു.
മരിച്ച അക്ഷയ്യുടെ സഹോദരൻ അക്ഷത്. ഉച്ചയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇടയിലേക്കാട്ടിലെത്തിക്കും. അതെ സമയം മാച്ചിക്കാട് സ്വദേശിയുടേതാണ് അപകടം വരുത്തിയ മിനി ലോറിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.