മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായ മട്ടന്നൂരിൽ മോഷണവും അപകടങ്ങളും കുറയ്ക്കുന്നതിനു നഗരത്തിൽ സ്ഥാപിച്ച സിസിടിവി കാമറ പ്രവർത്തനം ആരംഭിച്ചു. വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതോടെയാണ് കാമറ പ്രവർത്തിക്കാൻ തുടങ്ങിയത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആദ്യഘട്ടത്തിൽ 29 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ നഗരം വാഹനങ്ങളെ കൊണ്ടു വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് കാമറ സ്ഥാപിച്ചത്. മട്ടന്നൂർ നഗരത്തിൽ കള റോഡ് പാലം വരെയും തലശേരി റോഡിൽ കനാൽ വരെയും കണ്ണൂർ റോഡിലും വിമാനത്താവള റോഡായ മട്ടന്നൂർ – അഞ്ചരക്കണ്ടി റോഡിൽ വായാന്തോട് മുതൽ കാര പേരാവൂർ വരെയുമാണ് കാമറ സ്ഥാപിച്ചത്.
മട്ടന്നൂർ നഗരസഭയുടേയും പോലീസിന്റെയും ഹോക്ക് ഇന്ത്യയുടേയും നേതൃത്വത്തിൽ തലശേരിയിലെ ക്രേബ് ഗ്ലോബൽ സെക്യൂരിറ്റിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. പത്ത് വർഷത്തെ കരാടിസ്ഥാനത്തിലാണ് നഗരത്തിൽ കാമറ സ്ഥാപിച്ചത്. വാഹനങ്ങളുടെ നമ്പർ പ്ലെയിറ്റ് പകർത്തുന്നതും തിരിയുന്ന വിധമുള്ളതും ദൂരെയുള്ള ദൃശ്യങ്ങൾ പകർത്തിയെടുക്കുന്നതുമായ കാമറകളാണ് സ്ഥാപിച്ചത്.
നഗരത്തിലുണ്ടാകുന്ന അപകടങ്ങളും മോഷണവും കുറയ്ക്കാനും ഹെൽമറ്റില്ലാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിക്കുന്നവരെയും പിടികൂടാൻ കാമറ പോലീസിനു സഹായമാകും. പോലീസ് സ്റ്റേഷനിൽ പ്രത്യേകം സജ്ജമാക്കിയ കെട്ടിടത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. വിവിധ സൈസിലുള്ള 6 ടിവികളിലൂടെയാണ് ദൃശ്യങ്ങൾ പരിശോധിക്കുക.
റോഡരികിൽ നിർത്തി ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന വാഹനങ്ങൾ പിടികൂടാനും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും കാമറ പ്രവർത്തനം ആരംഭിച്ചതോടെ പിടികൂടാനാകും. കാമറ സ്ഥാപിക്കുന്നതിനൊപ്പം സ്ത്രീ സുരക്ഷയുടെ ഭാഗമായി ബസ് സ്റ്റാൻഡിൽ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ വിരൽതുമ്പിൽ എന്ന പേരിൽ കാമറയും ബട്ടണും സ്ഥാപിക്കുന്നുണ്ട്.
തനിച്ചാകുന്ന സ്ത്രീകൾക്ക് സഹായം അഭ്യർഥിക്കുന്നതിനു ബട്ടൺ അമർത്തിയാൽ കാമറ ഓണാകുകയും മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ സ്ഥാപിച്ച സൈറൺ മുഴങ്ങിയതിനു ശേഷം പോലീസുമായി സംസാരിക്കുന്ന സംവിധാനവുമാണ് ഒരുക്കുന്നത്.