സ്വന്തം ലേഖകൻ
തൃശൂർ: വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് പ്രാബല്യത്തിൽ വന്നെന്ന് പറയുന്പോഴും ഇതെന്നുമുതൽ കൊടുത്തുനൽകണമെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശയക്കുഴപ്പം. ഓട്ടോറിക്ഷകളുടെ മീറ്ററുകൾ റീ സെറ്റ് ചെയ്ത ശേഷമേ കൂടിയ നിരക്ക് ഈടാക്കാൻ നിയമപ്രകാരം അനുവാദമുള്ളുവെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നത്.
ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 25 ഉം തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപവീതവുമാണ് ഈടാക്കുക. നിലവിൽ ഇത് 20 ഉം പത്തുമാണ്. ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ജില്ലാ ഓഫീസുകളിലേക്കൊന്നും ഇതിന്റെ നിർദ്ദേശമോ ഉത്തരവിന്റെ പകർപ്പോ എത്തിയിട്ടില്ല.
എന്നാൽ മീറ്ററുകൾ കണ്വെർട്ട് ചെയ്യാനുള്ളവർക്ക് ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ പറഞ്ഞു. തൃശൂർ കോർപറേഷൻ പരിധിയിൽ മാത്രം ഏഴായിരത്തോളം ഓട്ടോറിക്ഷകളുണ്ട്നെ്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്ക്.
ഓട്ടോ ഡ്രൈവർമാർ പറയുന്നു..
ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് പേപ്പറിൽ കണ്ടതു മാത്രമേ അറിവുള്ളു. ലീഗൽ മെട്രോളജി വകുപ്പോ പോലീസോ ഒന്നും ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നുമുതൽ കൂടിയ നിരക്ക് വാങ്ങാമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഇന്നുമുതൽ വാങ്ങാമെന്നാണ് തോന്നുന്നത്. എന്നാൽ മീറ്റർ റീ സെറ്റ് ചെയ്യാതെ ചാർജ് വാങ്ങാൻ പാടില്ലെന്നാണ് അധികൃതർ പറയുന്നത്.
കഴിഞ്ഞ തവണ ചാർജ് വർധിപ്പിച്ചപ്പോൾ സർക്കാർ ഒരു ചാർട്ട് പുറത്തിറക്കിയിരുന്നു. മീറ്റർ റീസെറ്റു ചെയ്യാൻ താമസമുള്ളതിനാൽ ഈ ചാർട്ടിൽ രേഖപ്പെടുത്തിയതു പ്രകാരമാണ് ചാർജ് വാങ്ങിയിരുന്നത്. ഇത്തവണയും അങ്ങിനെയെന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നത്. മീറ്ററിൽ കാണുന്ന ചാർജിനേക്കാൾ നിരക്ക് കൂടിയിട്ടുണ്ടെന്ന് യാത്രക്കാരോട് കയറുന്പോൾ തന്നെ പറയുകയാണിപ്പോൾ. ചിലരൊക്കെ എതിർക്കുന്നുണ്ട്. മീറ്റർ റീ സെറ്റു ചെയ്യാൻ സമയമെടുക്കുമെന്നാണ് തോന്നുന്നത്. അത്രയധികം വണ്ടികൾ ഇപ്പോൾ തൃശൂർ നഗരത്തിലുണ്ട്.
ലീഗൽ മെട്രോളജി വകുപ്പ് പറയുന്നത്….
ലീഗൽ മെട്രോളജി വകുപ്പിന്റെ പെർമിഷൻ നേടിയ ശേഷം വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മീറ്റർ റീ സെറ്റിംഗ് നടത്തി മീറ്റർകണ്വെർട്ട് ചെയ്യണം. പുതുക്കിയ നിരക്കിലേക്ക് മീറ്റർ കണ്വെർട്ട് ചെയ്ത ശേഷം വീണ്ടും വകുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിൽ പരിശോധന നടത്തണം. വകുപ്പ് നിർദ്ദേശിച്ച സ്ഥലത്ത് വണ്ടി ഓടിച്ച് മീറ്റർ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനു ശേഷം വകുപ്പിന്റെ ലൈസൻസ് ലഭിച്ച ശേഷമേ വർധിപ്പിച്ച ചാർജ് ഈടാക്കാൻ പാടുള്ളുവെന്നാണ് ചട്ടം.
മീറ്റർ കണ്വെർട്ടിംഗ് നടത്തി ലൈസൻസ് നൽകാൻ കാലതാമസം ഉണ്ടാകില്ല. പരമാവധി വേഗത്തിൽ ഡ്രൈവർമാർക്ക് ഇതെല്ലാം ചെയ്തു കൊടുക്കും. തിരക്ക് കൂടുകയാണെങ്കിൽ കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട് – കെ.സി.ചാന്ദ്നി അസി.കണ്ട്രോളർ, ലീഗൽ മെട്രോളജി ഭവൻ
ട്രാഫിക് പോലീസ് പറയുന്നു
ചാർജ് വർധന സംബന്ധിച്ച് യാത്രക്കാർക്ക് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ട്രാഫിക് പോലീസിനെ വിവരമറിയിക്കാവുന്നതാണ്. സർക്കാർ നിർദ്ദേശിച്ച നിരക്കിനേക്കാൾ കൂടുതൽ വാങ്ങുകയോ അതിന്റെ പേരിൽ തർക്കങ്ങളുണ്ടാവുകയോ ചെയ്താൽ യാത്രക്കാർക്കും യാത്രക്കാർ പ്രശ്നമുണ്ടാക്കിയാൽ ഡ്രൈവർമാർക്കും ട്രാഫിക് പോലീസിന്റെ സഹായം തേടാം.
യാത്രക്കാർ പറയുന്നു…
മിനിമം ചാർജ് 25 ആണെന്ന് ചില ഡ്രൈവർമാർ ഞങ്ങൾ കയറുന്പോഴേ പറഞ്ഞു. പിന്നീടുള്ള കിലോമീറ്ററിന് 13 രൂപയും ആണെന്ന്. ചാർജ് കൂട്ടാൻ പോകുന്നുവെന്ന് വാർത്ത കണ്ടിരുന്നു. അതിനാൽ തർക്കിക്കാൻ പോയില്ല. മീറ്ററിൽ ചാർജ് കൃത്യമായി കാണിച്ചാൽ വഴക്കുകൾ ഇല്ലാതാക്കാമായിരുന്നു.
ആശയക്കുഴപ്പങ്ങളുണ്ടെങ്കിലും വർധിപ്പിച്ച ചാർജ് നൽകാൻ യാത്രക്കാർ തയ്യാറാണ്. മീറ്ററുകളിൽ തുക കൃത്യമായി കാണിച്ചാൽ പ്രശ്നങ്ങൾ തീരുമെന്ന് ഭൂരിഭാഗം യാത്രക്കാരും സമ്മതിക്കുന്നു. മീറ്റർ കണ്വെർട്ടു ചെയ്യാൻ ലീഗൽ മെട്രോളജി വകുപ്പും എന്തെങ്കിലും തർക്കങ്ങളോ കുഴപ്പങ്ങളോ ഉണ്ടായാൽ പരിഹരിക്കാൻ ട്രാഫിക് പോലീസും സജ്ജരായിക്കഴിഞ്ഞു.