ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനത്ത് നടത്തുന്ന ആറാമത്തെ ഹര്‍ത്താലിന് തുടക്കമായി. ശബരിമലയെ സംബന്ധിച്ച സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നടത്തി വന്നിരുന്ന സമരപ്പന്തലില്‍ പ്രവര്ത്തകന് ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ വലിയ രീതിയിലുള്ള ജനരോഷവും ഉയരുന്നുണ്ട്.
നേതാക്കള്‍ തുമ്മുമ്പോള്‍ ഉടനടി ഹര്‍ത്താലെന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു, നേതാക്കള്‍ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ജനങ്ങളുടെ സമയമാണ് ദുര്‍വിനിയോഗം ചെയ്യുന്നത് തുടങ്ങി പലരും ആരോപണം ഉന്നയിക്കുന്നുണ്ട്. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാത്തിരുന്ന ഒടിയന്റെ റിലീസും ഇന്നാണെന്നതാണ് ചെറുപ്പക്കാരെ രോഷാകുലരാക്കുന്നത്. ഹര്‍ത്താലിനെതിരെ വലിയ രീതിയിലുള്ള പ്രചാരണം സോഷ്യല്‍മീഡിയ വഴി അവര്‍ നടത്തുന്നുണ്ട്.
ഒക്ടോബര്‍ 8ന് പത്തനംതിട്ടയിലാണ് ആദ്യം ഹര്‍ത്താല്‍ നടത്തിയത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
ഒക്ടോബര്‍ എട്ടിന് നിലയ്ക്കലുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തി.
നവംബര്‍ 2ന് പന്തളം സ്വദേശിയായ ശിവദാസന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തി. നവംബര്‍ 17ന് ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ നടത്തി. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് ബി.ജെ.പി പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി.
അതേസമയം ഹര്‍ത്താലിനിടയില്‍ അക്രമം കാണിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ല പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്രം ഹനിക്കുകയോ ചെയ്താല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ആര്.ടി.സി, സ്വകാര്യ വാഹനങ്ങള്‍ എന്നിവക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.