സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കൂന്ന കാലത്ത് മറ്റുള്ളവരുടെ ദാരിദ്ര്യവും പ്രയാസങ്ങളും സ്വന്തം വേദനയായി കണ്ട് സഹായങ്ങള്‍ സഹായങ്ങള്‍ നല്‍കിവരുന്ന പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്പിലിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. നിരവധിപേര്‍ക്ക് ജീവിതത്തില്‍ താങ്ങായി മാറിയ ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരമാണ്.
ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളില്‍ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂര്‍വരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും ഉള്‍പ്പടെ സഹായം ആവശ്യമുള്ള പലരേയും മലയാളികള്‍ അറിഞ്ഞത് പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നുംപറമ്പിലിലൂടെയായിരുന്നു. അപൂര്‍വ രോഗം ബാധിച്ചവര്‍, വീടില്ലാത്തവര്‍, സാമ്പത്തിക പ്രയാസമുള്ളവര്‍ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവര്‍ക്ക് സുമനസുകളില്‍ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളില്‍ ഇടം പിടിച്ചത്.
ഇപ്പോള്‍ ഫിറോസ് വെളിപ്പെടുത്തുകയാണ് തന്റെ ജീവിതനിയോഗം ഇതാണെന്ന് തിരിച്ചറിയാന്‍ കാരണക്കാരനായ മനുഷ്യനെപ്പറ്റി. മുന്‍ മണ്ണാര്‍ക്കാട് എംഎല്‍എ കളത്തില്‍ അബ്ദുള്ളയാണ് ഫിറോസിന്റെ മാര്‍ഗദര്‍ശി. എംഎല്‍എയായിരുന്ന സമയത്ത് അദേഹത്തിന്റെ ഡ്രൈവറായിരുന്നു ഫിറോസ്.
ഫിറോസിന്റെ കുറിപ്പ്-
ഇത് ആരാണെന്നറിയണ്ടേ………. 5 വര്‍ഷം ഞാന്‍ ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്നു. അന്ന് അദ്ദേഹം വികലാംഗ കോര്‍പ്പറേഷന്റെ സംസ്ഥാന ചെയര്‍മാന്‍ അഞ്ച് വര്‍ഷം കൊണ്ട് ഒരായുസ്സിന്റെ പാഠങ്ങളാണ് ഞാന്‍ പഠിച്ചെടുത്തത് സഹജീവികളോടുള്ള സ്‌നേഹവും കരുണയുമെല്ലാം ഓരോ നിമിഷവും ഞാന്‍ നോക്കി കാണുകയായിരുന്നു. ആ കാഴ്ചകളാണ് എന്നെ ഈ ലോകത്തേക്ക് അടുപ്പിച്ചത് ഫിറോസ് കുന്നംപറമ്പില്‍ ജീവിതത്തില്‍ എന്തെങ്കിലും ഒക്കെ ആയിട്ടുണ്ടെങ്കില്‍ അതിവിടെ നിന്നാണ്.