ഏയ് ഓട്ടോ എന്ന സിനിമയിലെ പാട്ടു പോലെ സുന്ദരീ, സുന്ദരീ ഒന്നൊരുങ്ങി വാ…’ എന്നാണിപ്പോള്‍ ഓട്ടോറിക്ഷകളോട് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. വെറുതെ മോടി കൂട്ടാനല്ല, യാത്രക്കാരുടെ സുരക്ഷയെക്കരുതിയാണ് ഈ ഒരുക്കത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളെല്ലാം അക്ഷരം പ്രതി നടപ്പാക്കിയില്‍ ഓട്ടോ മൂന്നു ചക്രത്തിന്മേല് നിരത്തിലോടുന്ന വിമാനമാകും, ഓട്ടോക്കാരന് പൈലറ്റും.
നിര്‍ദേശങ്ങള്‍ ഇവയാണ്
• ഡ്രൈവര്‍ക്കും യാത്രക്കാരനും സീറ്റ് ബെല്‍റ്റ്
• രണ്ട് ഹെഡ്ലൈറ്റുകള്
• ഇരുവശത്തും വാതിലുകള്‍
• യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലെഗ് സ്പേസ്
• ഡ്രൈവര്‍-പാസഞ്ചര്‍ സീറ്റു കള്‍ക്ക് കൃത്യമായ അളവ്
ഈ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ ഒരു ഓട്ടോറിക്ഷയില്‍ കയറാവുന്ന പരമാവധി യാത്രക്കാരുടെ പരമാവധി എണ്ണം നിജപ്പെടുത്തിയും കേന്ദ്ര ഗതാഗതവകുപ്പ് ഉത്തരവിറക്കും. കഴിഞ്ഞവര്‍ഷം രാജ്യത്ത് നടന്ന റോഡപകടങ്ങളില്‍ 29,000 ല്‍ അധികമെണ്ണവും ഓട്ടോകളുമായി ബന്ധപ്പെട്ടുള്ളതാണ്. 6762 പേരാണ് രാജ്യത്തൊട്ടാകെ കഴിഞ്ഞവര്‍ഷം ഓട്ടോറിക്ഷ അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യം കണക്കിലെടുത്താണ് ഓട്ടോറിക്ഷയിലെ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ കേന്ദ്ര ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ട സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും 2019 ഒക്ടോബറിനുള്ളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന നിര്‍ദേശം പിന്നാലെ വരുമെന്ന് ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്.
ഓട്ടോറിക്ഷ അപകടങ്ങളില്‍ മരണങ്ങളേറെയും സംഭവിച്ചിട്ടുള്ളത് യാത്രക്കാര്‍ പുറത്തേക്കു തെറിച്ചു വീണ് ഉണ്ടായിട്ടുള്ളതാണ് എന്നതിന്റെ പശ്ചാത്തലത്തിലാണ് വാതിലുകള്‍ നിര്‍ബന്ധമാക്കി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്കൂള്‍ വിദ്യാര്‍ഥികളെയും മറ്റും കുത്തിനിറച്ച് തിരക്കേറിയ റോഡുകളിലൂടെ പാഞ്ഞു പോകുന്ന ഓട്ടോറിക്ഷകള്‍ രാജ്യത്ത് എല്ലായിടങ്ങളിലെയും പതിവ് കാഴ്ചയാണ്. ഡോറുകള്‍ ഇല്ലാത്തതിനാല്‍ ചെറിയ അപകടമാണെങ്കില്പോലും യാത്രക്കാര്‍ ഓട്ടോറിക്ഷകളില്‍ നിന്നു തെറിച്ചുവീണ് മാരകമായി പരിക്കേല്‍ക്കാറുണ്ട്. ഈ സാധ്യത ഇല്ലാതാക്കാനാണ് ഡോറുകള്‍ നിര്‍ബന്ധമാക്കുന്നത്.
കാറുകളിലുള്ളതിന് സമാനമായി സീറ്റ് ബെല്‍റ്റ് വരുന്നതോടെ അപകടസമയത്ത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന ആഘാതം കുറയ്ക്കാനും സാധിക്കും. പ്രതിവര്‍ഷം ആറു ലക്ഷം ഓട്ടോറിക്ഷകളാണ് രാജ്യത്ത് വിറ്റഴിയുന്നത്.