വാഷിംഗ്ടൺ: ആഗോള വ്യവസായ ഭീമന്മാരായ ജോണ്സന് ആന്‍ഡ് ജോണ്സന് കന്പനി തങ്ങളുടെ ടാൽക്കം പൗഡറിൽ വർഷങ്ങളായി ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നാലെ കന്പനിയുടെ ഓഹരിവില 10 ശതമാനത്തോളം ഇടിഞ്ഞു.
ടാൽക്കം പൗഡറിലെ ആസ്ബെറ്റോസ് ഘടകം അര്‍ബുദത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി കേസുകൾ കന്പനിക്കെതിരേ നിലനിൽക്കുന്നതിനിടെയാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 1971 മുതൽ ടാൽക്കം പൗഡറിൽ ആസ്ബെറ്റോസ് ഘടകം ഉപയോഗിച്ചുവരുന്നതായി കന്പനിക്ക് അറിയാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, റോയിട്ടേഴ്സിന്റെ റിപ്പോർട്ട് നിഷേധിച്ച് ജോണ്സൻ ആൻഡ് ജോണ്‍സന്റെ അഭിഭാഷകർ രംഗത്തെത്തി. റോയിട്ടേഴ്സിലെ ലേഖനം തെറ്റാണ്. കന്പനിയെ തകർക്കാൻ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്ന് അഭിഭാഷകർ പറഞ്ഞു.