കോട്ടയം: ഗ്വാളിയോർ രൂപത ബിഷപ്പ് ഡോ. തോമസ് തെന്നാട്ട് (65) വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം ബിഷപ്പ് ഹൗസിലേക്കു മടങ്ങും വഴി കാർ തെന്നി മറിയുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം.
ബിഷപ്പ് ഡോ. തോമസ് തെന്നാട്ടിനെ ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഗ്വാളിയോർ സെൻറ് ജോസഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെൻറ് ജോസഫ് ഇടവകാംഗവുമാണ്. 1978 ഒക്ടോബർ 21 ന് പൗരോഹിത്യം സ്വീകരിച്ച ഡോ. തോമസ് തെന്നാട്ട് 2017 ജനുവരി എട്ടിനാണ് ഗ്വാളിയോർ രൂപത ബിഷപ്പായി നിയമിതനായത്. സഹോദരങ്ങൾ: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.