യു.എസ്. ടിവി സിബിഎസില്‍ സംപ്രേഷണം ചെയ്ത ‘ബുള്‍’ എന്ന സീരിയലിലെ നായകനെതിരെ നടി ആരോപണമുന്നയിച്ചപ്പോള്‍ ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി രൂപ (9.5 കോടി ഡോളര്‍). പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മൈക്കല്‍ വെതര്‍ലിക്കെതിരായുള്ള ലൈംഗിക ആരോപണത്തെത്തുടര്‍ന്നാണ് ചാനല്‍ നടിക്ക് നഷ്ടപരിപരിഹാരം നല്‍കിയത്.
അമേരിക്കന്‍ ചലച്ചിത്രതാരവും മോഡലുമായ എലിസ ദുഷ്കുവാണ് നടനെതിരെ ആരോപണം ഉന്നയിച്ചത്. 2017ലായിരുന്നു സംഭവം. ചിത്രീകരണ സമയത്ത് മൈക്കല്‍ തന്റെ ശരീര ഘടനയെക്കുറിച്ച് മോശമായി അഭിപ്രായപ്പെടുകയും ലൈംഗിക ചുവയുള്ള തമാശകള്‍ പറയുകയും മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും മുന്നില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു ദുഷ്കുവിന്റെ പരാതി.
പരാതിയില്‍ ദുഷ്കു ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിച്ചെങ്കിലും ലൈംഗിക പീഡനം നടന്നില്ലെന്നായിരുന്നു മൈക്കല്‍ പ്രതികരിച്ചത്. തുടര്‍ന്ന് സിബിഎസിക്കെതിരായി നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ദുഷ്കു ചാനല്‍ അധികൃതരെ അറിയിച്ചു.