കൊച്ചി: പനന്പള്ളിനഗറിൽ പ്രവർത്തിക്കുന്ന സിനിമാ താരത്തിന്റെ ആഡംബര ബ്യൂട്ടി പാർലറിന് നേരെ പട്ടാപ്പകൽ വെടിവയ്പ്പുണ്ടായി. തട്ടിപ്പു കേസിൽ മുൻപ് അറസ്റ്റിലായ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. സാന്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിന് മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബൈക്കിലെത്തിയ രണ്ടു പേരുടെ കൈയിലും തോക്കുണ്ടായിരുന്നു. ഇരുവരും ഓരോ റൗണ്ട് വെടിവച്ചുവെന്നാണ് പറയപ്പെടുന്നത്. കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരൻ എത്തിയപ്പോഴേയ്ക്കും ഇരുവരും ഓടി രക്ഷപെട്ടു.
രക്ഷപെടുന്നതിനിടയിൽ മുംബൈയിലെ അധോലോക നായകൻ രവി പൂജാരിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും അക്രമികൾ സ്ഥലത്ത് ഉപേക്ഷിച്ചു. അക്രമികളുടെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതും കുറിപ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവ സമയത്ത് നടി ബ്യൂട്ടി പാർലറിൽ ഉണ്ടായിരുന്നില്ല.
അധോലോക നായകൻ രവി പൂജാരിയുടെ പേരിൽ ബ്യൂട്ടി പാർലർ ഉടമയായ ലീന മരിയ പോളിന് 25 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം വന്നിരുന്നു. ഫോണിലായിരുന്നു ഭീഷണി. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഭീഷണി. ഇക്കാര്യം നടി പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകിയോ എന്ന കാര്യം വ്യക്തമല്ല.