തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിൽനിന്നു നടി മഞ്ജു വാര്യർ പിൻമാറി. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മഞ്ജു പിൻമാറ്റം പ്രഖ്യാപിച്ചത്. വനിതാമതിലിനെ അനുകൂലിച്ചുള്ള വീഡിയോ രാവിലെ പുറത്തുവന്നതിനു പിന്നാലെയാണ് വൈകുന്നേരം പിൻമാറിക്കൊണ്ടുള്ള പോസ്റ്റും വന്നത്.
വനിതാ മതിലിനു രാഷ്ട്രീയ നിറം വന്നുചേർന്നത് അറിഞ്ഞിരുന്നില്ലെന്നും പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം തനിക്കില്ലെന്നും മഞ്ജു പറഞ്ഞു. കലയാണ് തന്റെ രാഷ്ട്രീയമെന്നും അതിനപ്പുറം തനിക്കൊന്നുമില്ലെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാൻ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാ മതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.
വൈകാരികമായ പല വിഷയങ്ങളുമായി വനിതാ മതിൽ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാൻ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാൻ. പ്രളയകാലത്ത് ലോകത്തിനു മുഴുവൻ മാതൃകയാകുന്ന തരത്തിൽ ജാതിയും മതവും രാഷ്ട്രീയവും മറന്നു നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു.
പാർട്ടികളുടെ കൊടികളുടെ നിറത്താൽ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാർട്ടികളുടെ പേരിൽ രാഷ്ട്രീയ നിറമുള്ള പരിപാടികളിൽനിന്ന് അകന്നുനില്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലുമുള്ളതെന്നു വ്യക്തമാക്കട്ടെ.