ഓഹരി അവലോകനം/സോണിയ ഭാനു
പ്രതികൂല വാർത്തകൾക്കു മുന്നിൽ വിപണിയും ധനമന്ത്രാലയവും ഞെട്ടിയത് നിക്ഷേപകരുടെ രക്തസമ്മർദം ഉയർത്തി. എണ്ണ വിലയെക്കുറിച്ചുള്ള ആശങ്കകളും രൂപയുടെ വിനിമയ നിരക്കിലെ തകർച്ചയും പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളും ആർബിഐ ഗവർണറുടെ രാജിയും വിപണിയെ അക്ഷരാർഥത്തിൽ ഉഴുതുമറിച്ചു. വൻ ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ തളർച്ചയിൽനിന്ന് രക്ഷനേടിയ സെൻസെക്സ് 290 പോയിന്റും നിഫ്റ്റി 111 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
ഫോറെക്സ് മാർക്കറ്റിൽ ഏഷ്യയിലെ മറ്റു കറൻസികളെ അപേക്ഷിച്ചു രൂപയാണ് കൂടുതൽ ചാഞ്ചാട്ടത്തിൽ അകപ്പെട്ടത്. 71.35 ലാണ് ഡോളറിനു മുന്നിൽ രൂപയുടെ ഇടപാടുകൾക്ക് കഴിഞ്ഞവാരം തുടക്കം കുറിച്ചത്. വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്കു കാണിച്ച തിടുക്കവും എണ്ണവിപണിയിൽനിന്നുള്ള ചൂടുവാർത്തകളും രൂപയുടെ മുല്യത്തിൽ 104 പൈസയുടെ ഇടിവ് സൃഷ്ടിച്ചു.
മുൻവാരം സൂചിപ്പിച്ച 72.40 ലെ പ്രതിരോധത്തിന് ഒരു പൈസ വ്യത്യാസത്തിൽ 72.39 വരെ ഇടിഞ്ഞ വിനിമയ നിരക്ക് വാരാന്ത്യം അൽപം കരുത്തു നേടിക്കൊണ്ട് 71.90 ലാണ്. രൂപയ്ക്കു നിലവിൽ 73.07 ൽ പ്രതിരോധവും 71.01 ൽ താങ്ങുമുണ്ട്.
നടപ്പ് വർഷം രൂപയുടെ വിനിമയനിരക്ക് 63.21ൽനിന്ന് സർവകാല റിക്കാർഡ് തകർച്ചയായ 74.40 വരെ നീങ്ങി. വർഷാരംഭവുമായി വിലയിരുത്തിയാൽ രൂപയുടെ മൂല്യത്തിൽ എട്ട് രൂപ 69 പൈസയുടെ ഇടിവ് നേരിടുകയാണ്. റിസർവ് ബാങ്ക് ഗവർണറുടെ രാജിയും പുതിയ ഗവർണറുടെ സ്ഥാനാരോഹണവുമെല്ലാം ഫോറെക്സ് മാർക്കറ്റിൽ വൻചാഞ്ചാട്ടം ഉളവാക്കി. ധനമന്ത്രാലയം കാര്യമായ നീക്കങ്ങൾക്കു മുതിർന്നില്ലെങ്കിൽ മാർച്ച് വരെയുള്ള കാലയളവിൽ വിനിമയ നിരക്ക് 74.40‐68.48 റേഞ്ചിൽ സഞ്ചരിക്കാം.
സെൻസെക്സ് 35,673ൽ നിന്ന് ഏകദേശം 1250 പോയിന്റ് താഴെ 34,426വരെ സാങ്കേതിക പരീക്ഷണങ്ങൾ നടത്തി. താഴ്ന്ന തലത്തിൽനിന്നുള്ള തിരിച്ചുവരവിൽ സൂചിക 36,000 ലെ പ്രതിരോധം തകർത്ത് 36,080വരെ കയറിയശേഷം ക്ലോസിംഗിൽ 35,963 പോയിന്റിലാണ്. ഈ വാരം സെൻസെക്സിന് ആദ്യ പ്രതിരോധം 36,553 പോയിന്റിലാണ്. സൂചികയ്ക്കു താങ്ങ് 34,889 പോയിന്റിലും പ്രതീക്ഷിക്കാം.
വിപണിയുടെ മറ്റു സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ സെല്ലിംഗ് മൂഡിലാണ്. എംഎസിഡി തളർച്ചയ്ക്കുള്ള സൂചനയാണ് നൽകുന്നത്. ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ട് മേഖലയിലേക്ക് അടുക്കുന്നതും തിരുത്തലിനു വീണ്ടും ഇടയാക്കാം. എന്നാൽ, വൻ തകർച്ചയ്ക്കു സാധ്യതയില്ലെങ്കിലും സൂചികയിൽ ശക്തമായ ചാഞ്ചാട്ടങ്ങൾക്ക് ഇടയുണ്ട്.
നിഫ്റ്റി താഴ്ന്ന നിലവാരമായ 10,333 പോയിന്റ് വരെ നീങ്ങിയശേഷം തിരിച്ചുവരവിൽ 10,853ലേക്ക് കയറി. വ്യാപാരാന്ത്യം സൂചിക 10,805 ലാണ്. ഈ വാരം നിഫ്റ്റിക്ക് 10,982ലും 11,159ലും തടസം നിലനിൽക്കുന്നു. വിപണിക്കു തിരിച്ചടിനേരിട്ടാൽ 10,480ൽ താങ്ങുണ്ട്.
വിദേശനിക്ഷേപക സ്ഥാപനങ്ങൾ പോയവാരം 2,067.19 കോടി രൂപയുടെ ഓഹരികളും ആഭ്യന്തരഫണ്ടുകൾ 153.21 കോടി രൂപയുടെ ഓഹരികളും വിറ്റുമാറ്റി.
മുൻനിരയിലെ പത്തിൽ അഞ്ച് കന്പനികളുടെ വിപണി മൂല്യത്തിൽ 42,513.94 കോടി രൂപയുടെ വർധന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് മുന്നിൽ. എച്ച്ഡിഎൽ, ഐടിസി, ഇൻഫോസിസ്, മാരുതി സുസുകി എന്നിവയുടെ വില ഉയർന്നു.
എണ്ണയുടെ ഉത്പാദനത്തിൽ ഒപെക് കുറവുവരുത്തുമെന്ന പ്രഖ്യാപനം ക്രൂഡ് ഓയിൽ വില പൊടുന്നനെ ഉയർത്തിയെങ്കിലും വാരാന്ത്യം താഴ്ന്നു. ജനുവരി മുതൽ ഉത്പാദനം കുറയ്ക്കുന്നതോടെ വില വർധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിനിടയിൽ ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്കു വേഗം കുറയുന്നതു മേഖലയിൽ ആശങ്ക ഉയർത്തുന്നുണ്ട്. ഇത് എണ്ണവിലയെ സ്വാധീനിക്കാം. ക്രൂഡ് ഓയിൽ ബാരലിന് 51.23 ഡോളറിലാണ്. വിപണിക്ക് 50.40 ഡോളറിൽ താങ്ങും 53.11 ഡോളറിൽ പ്രതിരോധവുമുണ്ട്.
യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി നാളെയും ബുധനാഴ്ചയുമായി ചേരുന്ന യോഗത്തിൽ ഫെഡറൽ ഫണ്ട് നിരക്ക് 0.25 ശതമാനം വർധിപ്പിക്കാൻ ഇടയുണ്ട്. ആഗോള ഓഹരി ഇൻഡക്സുകൾ പുതു വർഷത്തിന്റെ ആദ്യ പകുതിയിൽ മുന്നേറാൻ ഇത് അവസരം ഒരുക്കാം.
ചൈനീസ് സാന്പത്തിക മേഖലയിലെ മാന്ദ്യം ഏഷ്യൻ ഓഹരി ഇൻഡക്സുകളിൽ വാരാന്ത്യം തളർച്ച സൃഷ്ടിച്ചു. ജപ്പാൻ, ഹോങ്കോംഗ്, ചൈനീസ് മാർക്കറ്റുകൾ തളർച്ചയിലാണ്. ആഗോള സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ യൂറോപ്യൻ മാർക്കറ്റുകളെയും തളർത്തി. അമേരിക്കൻ ഓഹരിവിപണി ആറു മാസത്തിനിടയിലെ താഴ്ന്ന നിലവാരം ദർശിച്ചു. ഡൗ ജോൺസ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകൾ വില്പനക്കാരുടെ നിയന്ത്രണത്തിലായിരുന്നു.