കായംകുളം: കുടുംബശ്രീ കൂട്ടായ്മയിൽ നൂറുമേനി വിളവെടുത്ത് വനിതാ കർഷകർ. ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ വിദ്യാ കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയാണ് പ്രളയ ദുരന്ത ഭീഷണിക്കിടയിലും നെൽകൃഷിയിൽ നൂറുമേനി വിളവ് കൊയ്തെടുത്തത്.
പുതുപ്പള്ളി വടക്ക് ഒച്ചാൽ വയലിൽ ഒരേക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത് . ശ്രേയസ് ഇനത്തിൽപെട്ട നെൽ വിത്താണ് ഉപയോഗിച്ചത്. നാല് മാസം കൊണ്ട് ഇവ വിളഞ്ഞു. കൃഷിയെ പരിപാലിച്ച എല്ലാ ജോലികളും കുടംബശ്രീയിലെ അംഗങ്ങൾ തന്നെയാണ് ചെയ്തത്.
കൊയ്ത കറ്റകൾ തലചുമടിൽ അംഗത്തിന്റെ വീട്ടിൽ എത്തിച്ച് പരന്പരാഗത രീതിയിൽ തന്നെ മെതിക്കുന്ന കാഴ്ച പഴയ കാർഷിക സംസ്കൃതിയുടെ നേർക്കാഴ്ചയായി മാറി. കുടുംബശ്രീ പ്രസിഡന്റ് ബീനാസാബു, സെക്രട്ടറി ലീന, അംഗങ്ങളായ കവിത, ഗൗരി, രോഹിണി, മണി, ലീല, രമ, ബിന്ദു, ഫാത്തിമാബീവി പ്രജിത തുടങ്ങിയ പതിനൊന്ന് അംഗങ്ങളുടെ കൂട്ടായ അധ്വാനത്തിലാണ് കൃഷി ചെയ്തത്.