ചെങ്ങന്നൂർ: മുളക്കുഴയിൽ ദിനപത്രത്തിനൊപ്പം, ഇനി പാലും പാലുല്പന്നങ്ങളും കൂടി. വിശേഷ ദിവസങ്ങളും, ഹർത്താലുകളും, പ്രകൃതിയുടെ വൈവിധ്യങ്ങളായ മാറ്റങ്ങളുമൊന്നും തന്നെ മാറ്റി നിർത്താത്ത മേഖലയാണ് പത്രവും, പാലും വിതരണം ചെയ്യുന്നവരുടേത്. അതുകൊണ്ടുതന്നെ പിരിക്കാനാകാത്ത ഒരു ബന്ധവും ഇതുതമ്മിലുണ്ട്.
പത്രം വരുത്തുന്ന വരിക്കാരുടെ കുടുംബങ്ങളുമായുള്ള ബന്ധം ദൃഢമാക്കുക, ഇതോടൊപ്പം ചെറിയൊരു വരുമാനം കൂടി ലഭിക്കുക, പ്രായാധിക്യവും, രോഗകാരണങ്ങളാലും, വീടുവിട്ടു പുറത്തു പോകാനുള്ള സാഹചര്യങ്ങളും, ബുദ്ധിമുട്ടുകളുമുള്ളവരെ സഹായിക്കുക തുടങ്ങിയ ഉദ്ദേശ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.
വിവിധ പത്രങ്ങളുടെ മുളക്കുഴ അരീക്കര ഏജന്റ് എസ്. സുഭാഷിന്റെ നേതൃത്വത്തിലാണ് പുതിയതായി ഈ സംരംഭം ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. തിരുവൻവണ്ടൂർ നന്നാട് ഡയറി ഫാമിൽ നിന്നുള്ള പാലാണ് ആവശ്യാനുസരണം വീടുകളിൽ എത്തിക്കുന്നതും. കൊഴുവല്ലൂരിലെ വസതിയിൽ സജി ചെറിയാൻ എംഎൽഎയ്ക്ക് പത്രവും പാലും കൈമാറിയാണ് എസ്. സുഭാഷ് നവീന മാതൃകയ്ക്ക് തുടക്കമിട്ടത്.
ഇനി തുടർച്ചയായി വിതരണം. ചടങ്ങിൽ കരുണ പെയിൽ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി എൻ.ആർ.സോമൻ പിള്ള, മുളക്കുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, കെ.എസ് ഗോപാലകൃഷ്ണൻ, വിജയചന്ദ്രൻ കാരയ്ക്കാട്, ശ്രീലതാകുമാരി, റോയി ചെങ്ങന്നൂർ, കൃപാൽ കൃഷ്ണ, യദു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. ഭാവിയിൽ അതാത് ദിവസം കറന്നെടുക്കുന്ന പാൽ നേരിട്ടെത്തിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നുണ്ട്.