മങ്കൊന്പ്: വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്പോൾ റോഡിൽ പതിവായുണ്ടാകുന്ന വെള്ളക്കെട്ടിനു പരിഹാരം കാണാൻ നടപടിയില്ലെന്ന് പരാതി. ഇപ്പോൾ അറ്റകുറ്റപ്പണികൾ നടക്കുന്ന ചതുർത്ഥ്യാകരി കുന്നുമ്മ വികാസ് മാർഗ് റോഡിനാണ് അവഗണന നേരിടുന്നത്. പുളിങ്കുന്ന് തട്ടാശേരി റോഡിൽ നിന്നും മംഗലം മാണിക്യമംഗലം കായലിലേക്കുള്ള റോഡിന്റെ താഴ്ന്ന പ്രദേശമാണ് ഉയർത്തണമെന്ന് ആവശ്യമുയരുന്നത്.
റോഡ് താഴ്ന്നതിനെത്തുടർന്ന് പതിവായി വെള്ളം കയറുന്ന കട്ടക്കുഴി പ്രദേശത്തെ 25 മീറ്ററോളം മാത്രം വരുന്ന റോഡ് മണ്ണിട്ടുയർത്താത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം. പതിവായി വെളളം കയറുന്നതുമൂലം ഇവിടെ റോഡ് തകർന്ന നിലയിലാണ്. റോഡ് കടന്നുപോകുന്ന കട്ടക്കുഴി പാടശേഖരത്തിൽ വെള്ളം കയറ്റിയാൽ വേനൽക്കാലത്തും റോഡ് വെള്ളത്തിലാകും.
കഴിഞ്ഞ രണ്ടാംകൃഷിക്കു ഈ പ്രദേശത്തുകൂടി വെള്ളം കവിഞ്ഞുകയറി പാടശേഖരത്തിലെ ഒരുപ്രദേശത്തെ കൃഷി നശിച്ചിരുന്നു. ഇതോടൊപ്പം റോഡിന്റെ ഒരു ഭാഗം മണ്ണിടിഞ്ഞു തകരുകയും ചെയ്തിരുന്നു. ഇതുവഴി വെള്ളം കവിഞ്ഞുകയറുന്നതും മണ്ണിടിയുന്നതും മൂലം സമീപത്തെ വീടിനും ഭീഷണിയാണ്.
സ്കൂൾ വിദ്യാർത്ഥികളടക്കം നൂറുകണക്കിനു യാത്രക്കാരാണ് കാൽനടയായി മാത്രം ഇതുവഴി യാത്രചെയ്യുന്നത്. നിലവിൽ പുഞ്ചകൃഷിയാരംഭിച്ചതിനാലാണ് കാൽനനയാതെ റോഡിൽ കൂടി യാത്രചെയ്യാവുന്നത്. ഇപ്പോൾ റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ച് കട്ടക്കുഴി പാലത്തിനു സമീപം വരെയെത്തിയിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത ഇന്നു ടാറിംഗ് ജോലികൾ നടക്കുമെന്നാണ് കരുതുന്നത്.
സമീപവാസികളും പാടശേഖരത്തിലെ കർഷകരും, ഓട്ടോറിക്ഷാ തൊഴിലാളികളും റോഡ് അൽപം ഉയർത്തുന്ന കാര്യം കരാറുകാരന്റെ ശ്രദ്ദയിൽ പെടുത്തിയിരുന്നു. എന്നാൽ ഇതിനു നിലവിലെ തുക മതിയാകില്ലെന്നാണ് ഉദ്യോഗസ്ഥരും, കരാറുകാരനും പറയുന്നത്.
പ്രദേശം മണ്ണിട്ടുയർത്തുന്നതിന് രണ്ടു ടോറസ് ലോറി മണ്ണു വേണമെന്നാണ് ഇവർ പറയുന്നത്. ഇതിന് 50,000 രൂപ ആവശ്യമാണ്. എന്നാൽ ഇതിനു സമീപത്തു തന്നെയുള്ള റോഡ് തകർന്ന പ്രദേശം മക്കിട്ട് ഉയർത്തിയിട്ടുണ്ടെന്നും, ഇവിടെ മാത്രം ഒഴിവാക്കിയെന്നുമാണ് പ്രദേശവാസികളുടെ പരാതി.