കണ്ണൂർ: തലയ്ക്കടിയേറ്റ് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. ചാലാട് ഊരത്താൻകണ്ടിയിലെ ഷൈജു(42)വാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും യഥാർഥ പ്രതി ഇയാളല്ലെന്ന നിഗമനത്തിലാണ് പോലീസ്.
പ്രതിയെന്നു സംശയിക്കുന്ന വ്യക്തിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കോയന്പത്തൂർ അടക്കമുള്ള തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വിവിധ സമയങ്ങളിലായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ പള്ളിയാംമൂല ബീച്ചിനു സമീപത്താണ് ഷൈജുവിനെ തലയ്ക്കടിയേറ്റനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് ഷൈജുവിനെ അവശനിലയിൽ കാണുന്നത്. തുടർന്ന് അഗ്നിശമനസേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈജുവിനെ നില ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് സൂചന. മാത്രമല്ല ഇയാളെ പൂർണനഗ്നനായ നിലയിൽ കണ്ടെത്തിയതും സംഭവത്തിൽ ദുരൂഹത ഉണ്ടാക്കുന്നതായി പോലീസ് പറഞ്ഞു. കണ്ണൂർ ടൗൺ സിഐ ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. സംശയം ദൂരീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ പയ്യാന്പലത്തെ സംഭവസ്ഥലം സന്ദർശിച്ചിരുന്നു.