കൊല്ലം: റോഡ് വശത്ത് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ബാഹുല്യം ഇരവിപുരം പോലീസ് സ്റ്റേഷനു മുന്പിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിവിധ കേസുകളിൽ പിടിച്ചിട്ടിരിക്കുന്നവയും സ്റ്റേഷനിൽ വരുന്നവരുടേയും വാഹനങ്ങളാണ് ഇത്തരത്തിൽ പാർക്ക് ചെയ്യുന്നത്. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നത് കാരണം ഇവിടെ എല്ലാ സമയത്തും യാത്രാദുരിതമാണ് അനുഭവപ്പെടുന്നത്.
രാവിലെയും വൈകുന്നേരവും വലിയ തോതിൽ ഗതാഗത തടസം ഉണ്ടാകാറുണ്ട്. പോലീസും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ലെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ ഈ സ്റ്റേഷനിലെ ജീപ്പ് ഇവിടെ നിർത്തിയിട്ട് ഡോറുകൾ തുറന്നിട്ട് പോലീസുകാർ പോയ സംഭവം ആക്ഷേപത്തിന് ഇട നൽകിയിരുന്നു.
ഡോറുകൾ തുറന്ന ജീപ്പിൽ ഡ്രൈവറോ പോലീസുകാരോ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ഇതിനാൽ ഇതുവഴി വന്ന മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടി. ഇത് ഇവിടത്തെ സ്ഥിരം കാഴ്ചയാണെന്നാണ് പരിസരവാസികളും നാട്ടുകാരും പറയുന്നത്.