കൊല്ലം :പീരങ്കിമൈതാനം ചണ്ടി ഡിപ്പോയായി മാറുന്നു.രാത്രിയിൽ വൻതോതിലാണ് ഇവിടെ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്നത്. കോർപറേഷൻ കാര്യാലയത്തിന് സമീപമുള്ള പീരങ്കിമൈതാനം ദേശീയപാതയോരമാണ്. ഇവിടെ മാലിന്യം പതിവായി തള്ളുന്നവർക്കെതിരെ യാതൊരു നടപടിയും കോർപറേഷൻ അധികൃതർ എടുക്കുന്നില്ല.
കോർപറേഷന്റെ അറിവോടെയാണ് മാലിന്യം തള്ളുന്നതെന്നും ആക്ഷേപമുണ്ട്. രാത്രിയിൽ എത്തുന്ന സംഘങ്ങൾ മണ്ണ് കൂനയാക്കിയശേഷം അതിന്റെ മറവിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. കക്കൂസ് മാലിന്യം ഒലിച്ച് റോഡിലേക്ക് ഇറങ്ങുന്നു. കോഴിക്കടകളിൽനിന്നും ഹോട്ടലുകളിൽനിന്നുമുള്ള മാലിന്യങ്ങൾ ്കൂടാതെ ടൗണിലെ മറ്റ് മാലിന്യങ്ങളും ഇവിടേക്കാണ് നിക്ഷേപിക്കുന്നത്.
കോളജിലേക്ക് പോകുന്ന വിദ്യാർഥികളും ,മറ്റ് കാൽനട യാത്രികരും ,സായി പരിശീലന കേന്ദ്രത്തിലെ താരങ്ങളുമുൾപ്പെടെയുള്ളവർ മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. സ്റ്റേഡിയം കോംപ്ലക്സിലെ വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവർ ദുർഗന്ധംമൂലം പൊറുതിമുട്ടുകയാണ്.
പലതവണ അവർ കോർപറേഷനിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മൈതാനത്തിന്റെ ചില ഭാഗങ്ങളിൽ കുഴികളെടുത്തശേഷം അതിൽ മാലിന്യം നിറയ്ക്കുന്ന സംഘങ്ങളുമുണ്ട്. ദേശീയപാതയോരത്തായിട്ടും പീരങ്കി മൈതാനം സംരക്ഷിക്കാൻ കോർപറേഷൻ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നു . പീരങ്കി മൈതനാനം ടൗണിലെ ചണ്ടി ഡിപ്പോയായി മാറുകയാണ്.