കണ്ണൂർ: സംസ്ഥാനത്ത് നവോഥാനത്തിന്റെ പേരുപറഞ്ഞ് ക്രൈസ്തവരെയും മുസ്ലിംങ്ങളെയും ഒഴിവാക്കി ഹൈന്ദവസംഘടനകളെ മാത്രം ഉൾപ്പെടുത്തി വർഗീയത വളർത്തുന്നതിന്റെ ഭാഗമായിട്ടാണ് വനിതാമതിൽ പണിയുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് എംഎൽഎ.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, സർക്കാർ സ്പോൺസർ ചെയ്യുന്ന വനിതാമതിൽ പിൻവലിക്കുക, ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ സംഘടനകളെ മാത്രം ഉൾപ്പെടുത്തി വനിതാമതിൽ പണിയുന്നത് വർഗീയ അജണ്ടയുടെ ഭാഗമാണ്. ശബരിമലയിൽ നിരോധനാജ്ഞ നീട്ടാനുള്ള കാരണം ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പറ്റിയ വീഴ്ച മറച്ചുവയ്ക്കാൻ വേണ്ടിയാണ്. ഇപ്പോഴും നിരോധനാജ്ഞ നീട്ടിനീട്ടി കൊണ്ടുപോകുകയാണ്.
മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തന്മാർ എത്തുന്ന സ്ഥാനത്ത് ഇപ്പോൾ 70,000 ൽ താഴെ മാത്രമാണ് ഭക്തന്മാർ എത്തുന്നത്. ശബരിമലയെ തകർക്കുന്നതിന് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും ഗൂഢനീക്കങ്ങളുണ്ട്. ശബരിമല യുവതി പ്രവേശനവിധി സുപ്രീംകോടതിയിൽനിന്നും സർക്കാർ ചോദിച്ചുവാങ്ങിയതാണ്. പിണറായി സർക്കാരിന്റെയും മോദി സർക്കാരിന്റെയും പതനത്തിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചതായും കെ.സി. ജോസഫ് പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഡി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൾ ഖാദർ മൗലവി, കെ. സുരേന്ദ്രൻ, സുമാ ബാലകൃഷ്ണൻ, പി. കുഞ്ഞുമുഹമ്മദ്, ഇല്ലിക്കൽ അഗസ്തി, സി.എ. അജീർ, ജോയി കൊന്നയ്ക്കൽ, ജോർജ് വടകര, അഡ്വ. മനോജ് കുമാർ, ഡോ. കെ.വി. ഫിലോമിന എന്നിവർ പ്രസംഗിച്ചു.