മങ്കൊന്പ്: കുട്ടനാട്ടിലെ പുളിങ്കുന്നിൽ ഐസ്ക്രീം പാർലറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്നു കടകൾക്ക് നാശനഷ്ടം സംഭവിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. പുളിങ്കുന്ന് ജങ്കാർ കടവിനു സമീപത്തെ പാടിയത്തറ ലാലിച്ചന്റെ ഉടമസ്ഥതയിലുള്ള ലിയോ ഏജൻസീസ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ സ്റ്റുഡിയോ, ബേക്കറി, ഇരുന്പുകട എന്നിവയ്ക്കും കേടുപാടുകളുണ്ടായി.
പുലർച്ചയായിരുന്നതിനാൽ അധികമാളുകൾ സമീപത്തില്ലാതിരുന്നതിനാലാണ് ആളപായമൊഴിവായത്. ഉഗ്രശബ്ദത്തോടെയുണ്ടായ സ്ഫോടനത്തെത്തുടർന്ന് അന്പതുമീറ്ററോളം ചുറ്റളവിൽ ചില്ലുകളും, കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും മറ്റും റോഡിൽ ചിതറിക്കിടക്കുകയാണ്. പൊട്ടിത്തെറി നടന്ന സ്ഥാപനത്തിന്റെ ഇരുന്പു ഷട്ടറുകൾ പത്തുമീറ്ററോളം വീതിയുള്ള റോഡിനെതിർവശത്തുള്ള കടയുടെ മുന്പിലാണ് പതിച്ചത്. ഇതെത്തുടർന്ന് ഈ കടയുടെ ഷട്ടറുകൾക്കും കേടുപാടുകൾ സംഭവിച്ചു.
പൊട്ടിത്തെറിയെ തുടർന്നുണ്ടായ സ്ഫോടനശബ്ദം രണ്ടുകിലോമീറ്ററോളം ചുറ്റളവിൽ കേൾക്കാനായതായി സമീപവാസികൾ പറയുന്നു. സ്ഫോടനത്തിന്റെ കാരണമറിയാതെ നാട്ടുകാർ ആശങ്കയിലാണ്. കടയ്ക്കുള്ളിൽ തീപിടിത്തമൊന്നുമുണ്ടായിട്ടില്ല. ഗ്യാസ് സിലിണ്ടറുകളും സുരക്ഷിതമാണ്. ആദ്യം ഫ്രീസറിനുള്ളിലെ കംപ്രസർ പൊട്ടിത്തെറിച്ചതാണെന്ന നിഗമനത്തിലായിരുന്നു പോലീസും, നാട്ടുകാരും.
എന്നാൽ റോഡിലേക്കു തെറിച്ചുവീണ ഫ്രീസറിലും പൊട്ടിത്തറിയുടെ ലക്ഷണങ്ങൾ പ്രകടമല്ല. റോഡിൽ കിടന്നിരുന്ന വാഹനത്തിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പുളിങ്കുന്ന് പോലീസ് പറയുന്ന പ്രാഥമിക വിവരം. എന്നാൽ കടയ്ക്കു മുന്നിൽ വാഹനങ്ങളൊന്നുമില്ലായിരുന്നു എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും അപകടത്തിന്റെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.