കായംകുളം: സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി വാഹനാപകടത്തിൽ മരിച്ച കായംകുളത്തെ പച്ചക്കറി വ്യാപാരി നൗഷാദ് അഹമ്മദിന്റെ കുടുംബത്തിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. ഭർത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിന് ജമാഅത്ത് ഇസ്ലാമിയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്നാണ് വീട് നിർമിച്ചു നല്കുന്നത്. വീടിന്റെ കൈമാറ്റം നാളെ നടക്കും.
അന്യസംസ്ഥാനങ്ങളിൽ നേരിട്ടുപോയി പഴവർഗങ്ങളും പച്ചക്കറികളും ലോറിയിൽ കയറ്റി കായംകുളത്ത് എത്തിച്ച് വില്പന നടത്തി ജനകീയനായ വ്യാപാരി ആയിരുന്നു കായംകുളം കൊറ്റുകുളങ്ങര ചെങ്കിലാത്ത് തെക്കതിൽ (കൊട്ടിലിൽ )നൗഷാദ്അഹമ്മദ് (40). തമിഴ്നാട്ടിലെ തിരുനൽവേലിയിൽ വച്ച് ഒരുവർഷം മുന്പ് നൗഷാദും സുഹൃത്തായ മറ്റൊരു വ്യാപാരി അനുവും സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിലാണ് നൗഷാദിന് മരണം സംഭവിച്ചത്.
നവമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് നൗഷാദ് ശ്രദ്ധേയനായത്. കായംകുളത്തെ തന്റെ വ്യാപാരസ്ഥാപനത്തിൽ സാധനങ്ങൾ വിലകുറച്ച് വിൽക്കുന്നതിന് പിന്തുണ തേടിയത് നവ മാധ്യമ കൂട്ടായ്മയിലൂടെയാണ്. അതിനാൽ വലിയ പിന്തുണയാണ് നൗഷാദിന് ലഭിച്ചിരുന്നത് അഞ്ചുരൂപയുടെ സാധനം അന്പതുരൂപയ്ക്ക് വില്പന നടത്തി കൊള്ള ലാഭം നേടുന്ന കഴുത്തറപ്പ·ാർക്കെതിരെ പ്രതികരിക്കുക എന്ന ആവശ്യവുമായി നൗഷാദ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ വൈറലാകുകയും ലക്ഷക്കണക്കിന് പേർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു.
നൗഷാദിന്റെ അപകട മരണത്തോടെ ഭാര്യയും അഞ്ചും ഒന്നും വയസുകളുള്ള കുഞ്ഞുങ്ങളും അനാഥരായി. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും സന്പാദ്യമായി ഇല്ലാതിരുന്ന കുടുംബം വാടക വീടുകളിലാണ് കഴിഞ്ഞിരുന്നത്. വാടക നൽകാനും നിത്യവൃത്തിക്കും വകയില്ലാതെ വിഷമിച്ച ഘട്ടത്തിലാണ് ഇവരുടെ പുനരധിവാസ നേതൃത്വം പീപ്പിൾസ് ഫൗണ്ടേഷൻ ഏറ്റെടുത്തത് .
മൂന്ന് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി വീട് നിർമിക്കുന്ന പദ്ധതിക്ക് ഒരു വർഷം മുന്പാണ് തുടക്കം കുറിച്ചത്. ജമാഅത്തെ ഇസ്ലാമി നൽകിയ തുക കൂടാതെ നൗഷാദിന്റെ സുഹൃത്തുക്കളും വിവിധ സംഘടനകളും അകമഴിഞ്ഞ സഹായം പദ്ധതിക്കായി നൽകിയിരുന്നു. 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് നിർമാണം പൂർത്തിയാക്കിയത്. താക്കോൽദാന ചടങ്ങ് നാളെ വൈകുന്നേരം 6.30 ന് പുത്തൻ റോഡ് ജംഗ്ഷനിൽ നടക്കും.
യു. പ്രതിഭ എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിക്കും.