കണ്ണൂർ: കണ്ണൂരിൽ മാധ്യമപ്രവർത്തകനെയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യപ്രതി വലയിൽ. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ സരിത കുമാരി എന്നിരെ കണ്ണൂർ സിറ്റി ഉരുവച്ചാലിലെ വീട്ടിൽ വച്ച് ആക്രമിച്ച് കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഡൽഹിയിൽ പിടിയിലായത്.
ന്യൂഡൽഹിയിലെ സീമാപുരിയിൽനിന്നാണ് സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐമാരായ രാജീവൻ, ദിനേശൻ, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഡൽഹിയിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.
കണ്ണൂർ ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രമത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഡൽഹി കേന്ദ്രീകരിച്ച സംഘത്തിന് മുഖ്യപ്രതി സീമാപുരിയിലുള്ളതായി സൂചന ലഭിച്ചു.
തുടർന്ന് പോലീസ് സംഘം അങ്ങോട്ട് പുറപ്പെട്ടെങ്കിലും ഇയാൾ ട്രെയിനിൽ ഹൗറയിലേക്ക് പുറപ്പെടുകായിരുന്നു. ഇതിനിടയിൽ പോലീസ് സംഘവും ട്രെയിനിൽ കയറി ഇയാളെ കീഴ്പെടുത്തുകയായിരുന്നു. പ്രതിയുമായി പോലീസ് കണ്ണൂരിലേക്ക് തിരിച്ചു.
പ്റ്റംബർ ആറിന് പുലർച്ചെ 2.15 നായിരുന്നു കവർച്ച നടന്നത്. മുന്‍ വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. സ്വർണവും പണവും എടിഎം കാർഡും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു.
ഇതരസംസ്ഥാനക്കാരായ നാലംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് മുഖ്യപ്രതി പിടിയിലാകുന്നത്.